ഇസ്രയേൽ എംബസിക്കു സമീപത്തെ സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷെ ഉൽ ഹിന്ദ്

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷെ ഉൽ ഹിന്ദ് എന്ന സംഘടന. തുടക്കം മാത്രമാണിതെന്നും കൂടുതൽ സ്ഥലങ്ങളിൽ ആക്രമണമുണ്ടാകുമെന്നും ടെലഗ്രാം പേസ്റ്റ് വഴിയുള്ള സന്ദേശത്തിൽ അറിയിച്ചു. അതേസമയം, അവകാശവാദം ഉന്നയിച്ച സംഘടന ഏതാണെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എൻഐഎ.

സ്ഫേടനമുണ്ടായ സ്ഥലത്ത് രണ്ടുപേർ കാറിൽ വന്നിറങ്ങുന്ന ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്. കൂടാതെ
കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ്. ഭീകരാക്രമണമെന്ന നിലപാടാണ് ഇസ്രയേൽ അംബാസഡർ റോൺ മൽക്ക് സ്വീകരിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സംഭവം എൻഐഎ ഏറ്റെടുത്തത്. 2012ൽ രണ്ട് ഇസ്രേലി നയതന്ത്രജ്ഞർക്കെതിരേ ഡൽഹിയിൽ ആക്രമണമുണ്ടായിരുന്നു.

സംഭവസ്ഥലത്ത്നിന്ന് ഇസ്രേലി അംബാസഡർ എന്നെഴുതിയ ഒരു കവർ കണ്ടെടുത്തിട്ടുണ്ട്. ഇറാനിൽ കൊല്ലപ്പെട്ട പ്രമുഖരുടെ പേരും ഇതിലുള്ളതായി സൂചന. അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിനുപയോഗിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.