പൂജക്കെടുക്കാത്ത പുഷ്പങ്ങള്‍

കവിത: രവി റാഫി

പൂജാപുഷ്പമായ്
പൂജക്കെടുക്കാന്‍
കഴിയാത്ത ശവം
നാറിപൂക്കള്‍ ഞങ്ങള്‍

മനംമടുത്ത
മനസുമായി
മല്ലിട്ട് കുഴിമാടങ്ങള്‍
കുഴിക്കാന്‍ വിധിക്കപ്പെട്ടവര്‍

കെട്ടിത്തൂങ്ങി
മരിച്ചഴുകിയ ജഡങ്ങള്‍
താങ്ങിയിറക്കാന്‍
കല്പിക്കപെടുന്നവര്‍

കുമിഞ്ഞുനാറുന്ന
കബന്ധങ്ങളില്‍
നഗ്‌നപാദരായി
ഇറങ്ങിച്ചെല്ലേണ്ടവര്‍

ഓടയില്‍
നിന്നോടയിലേക്ക്
മനുഷ്യമലം
ചുമക്കേണ്ടവര്‍

പുഴുത്തുനാറും
ചേരികളില്‍
പതഞ്ഞുപൊങ്ങും ദുര്‍ഗന്ധങ്ങള്‍
ശ്വസിച്ചു വലിച്ചു മരിക്കാന്‍
വിധിക്കപ്പെട്ടവര്‍

കറുത്തിരുണ്ട
ഖനികള്‍കുള്ളില്‍
കരിഞ്ഞമരുന്ന
കരിമരുന്നുകള്‍

ചത്തു മലച്ച
ജന്തുക്കളെ തൊലിയുരിഞ്ഞു
പങ്കിട്ടെടുക്കുന്നവര്‍
നായകള്‍ കുറുനരികള്‍
കാട്ടു മൃഗങ്ങള്‍ കൂട്ടുകാര്‍

അയിത്തമാണവര്‍ക്കു ഞങ്ങളെ
പക്ഷെ മാറിലെതുണി
പലവുരി മാറ്റേണ്ടവര്‍
കുത്തിയൊലിച്ച മദജലം
തങ്ങേണ്ടവര്‍

തൊട്ടുകൂടാത്തവര്‍
വിത്തിട്ടു വളമിട്ട് നനക്കുന്നു
പത്തായത്തിലെത്തും നേരം
വെട്ടിവിഴുങ്ങുന്നു
തൊട്ടുകൂടായ്മയില്ലാതെ

കൂനുപിടിച്ച കൂരകള്‍ക്കുള്ളില്‍
ഇരുട്ടില്‍ രാപാര്‍ക്കുന്നവര്‍
തൊട്ടുകൂടാത്തവര്‍
പക്ഷെ വീട്ടുവേല
ചെയ്യുന്നര്‍വക്കുവേണ്ടി !

പാദരക്ഷകള്‍
തലയില്‍ വക്കണം
പാതയോരങ്ങളില്‍
പാദസേവചെയ്യാന്‍

അതിര്‍ത്തികളുണ്ടവര്‍ക്ക്
അകലങ്ങളില്‍ ചെല്ലാന്‍
പരിധിയുണ്ടവര്‍ക്ക്
കാഴ്ചകള്‍ കാണാന്‍

തലമുറകള്‍ താങ്ങുന്ന പുച്ഛം
ജാതിമതങ്ങള്‍ ചിരിക്കുന്നു
കണ്‍മൂടിയ ദൈവങ്ങള്‍
ചില്ലുകൂട്ടില്‍ ….

ഇനി ഞങ്ങള്‍
പുനര്‍ജനിക്കുമെങ്കില്‍
പറവകളായി തീരണം
അതിര്‍ത്തികളില്ലാതെ
പറന്നുയരുവാന്‍ …….

Ravi Rafee Riyadh
00966558169662