പ്രൊഫഷനലുകൾക്കും കലാകാരന്മാർക്കും കുടുംബസമേതം യുഎഇ പൗരത്വം നൽകും

ദുബായ്: നിക്ഷേപകർക്കും, പ്രത്യേക മേഖലകളിൽ കഴിവുതെളിയിച്ചവർക്കും,, പ്രൊഫഷനലുകൾക്കും പൗരത്വം നൽകാൻ നിയമഭേദഗതി വരുത്തി യുഎഇ. ശാസ്ത്രജ്ഞർ, ഡോക്റ്റർമാർ, എൻജിനീയർമാർ, കലാകാരന്മാർ, എഴുത്തുകാർ, ഇവരുടെയൊക്കെ കുടുംബങ്ങൾ എന്നിവർക്കാണ് പൗരത്വം നൽകുകയെന്ന് യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു.

ഓരോ വിഭാഗത്തിലുംപെട്ട അർഹരായവരെ യുഎഇ മന്ത്രിസഭയും പ്രാദേശിക കോടതികളും നിർവാഹകസമിതികളും ചേർന്നു കണ്ടെത്തും. യുഎഇ പാസ്പോർട്ട് നൽകുന്നതിനൊപ്പം അവരുടെ നിലവിലെ പൗരത്വം നിലനിർത്താനും അനുവദിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. വികസനയാത്രയിൽ കഴിവുറ്റവരുടെ സംഭാവനകൾകൂടി ഉൾചേർക്കാൻ ഉദ്ദേശിച്ചാണ് പുതിയ നിയമം.