മക്ക: പൗരാണിക നാഗരികതയുടെ അവശേഷിപ്പുകളായ 13 ഇനം അറബ് ശിലാലിഖിതങ്ങൾ സൗദി അറേബ്യയിൽ കണ്ടെടുത്തു. ബിസി 1200 ലേതെന്നു കരുതുന്ന തമൂദിക് ലിഖിതങ്ങളാണ് കണ്ടെടുത്തത്. പർവതങ്ങളിൽ കൊത്തിയ നിലയിലാണ് ഇവയെന്ന് പൗരാണിക അറബ് ലിഖിതങ്ങളിൽ പ്രൊഫസറും കിങ് ഫൈസൽ സെന്റർ ഫോർ റിസർച്ചിലെ കൾച്ചറൽ കൺസൾട്ടന്റുമായ ഡോ. സുലൈമാൻ അൽ തീയെബ് പറഞ്ഞു.
രാഷ്ട്രീയമായ തമൂദിക് ലിഖിതങ്ങൾ കണ്ടെടുക്കാനായിട്ടില്ലെന്നും ഇവയിൽ മിക്കതും സാമൂഹികവും പുരാതന തമൂദികളുടെയോ അറബികളുടെയോ ചിന്തകളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ലിഖിതങ്ങളിൽ മിക്കവാറും വ്യാപാര വഴികളുള്ള മരുഭൂമികളിലാണ് കണ്ടെടുത്തത്. അൽഉല, നജ്റാൻ, തയ്മ, അൽ ജൗഫ് തുടങ്ങിയ രാജഭരണങ്ങളുടെ തലസ്ഥാന നഗരങ്ങിലും ഇവയിൽ നല്ലൊരു ഭാഗമുണ്ട്.
ദാദനൈറ്റ്, ലിഹ്യാനൈറ്റ് രാജവംശങ്ങളുടെ തലസ്ഥാനമെന്നു കരുതുന്ന അൽഉലയിൽ കണ്ടെടുത്ത അരാമ്യ ഭാഷയിലുള്ള ലിഖിതങ്ങൾ പ്രാധാന്യമർഹിക്കുന്ന മറ്റൊന്ന്. ബിസി 1000 എഴുതപ്പെട്ടവയാണ് ഇവ എന്നു കരുതുന്നു. ഈ രാജവംശങ്ങൾ ബിസി ഒന്നാംനൂറ്റാണ്ടു വരെ നിലനിന്നതായാണ് കണക്കാക്കുന്നത്. വടക്കു പടിഞ്ഞാറൻ മേഖലയിൽ കണ്ടെടുത്ത ലിഹ്യാനൈറ്റ് ലിഖിതങ്ങൾ ദക്ഷിണ അറേബ്യൻ അക്ഷരങ്ങളുമായി സാമ്യമുള്ളവയാണ്. വടക്കു പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ മേഖലകളിലും ഹെയ്ലിലും കണ്ടെടുത്ത ലിഖിതങ്ങൾ ഏറെ ചരിത്രപ്രാധാന്യമുള്ളതാണെന്ന് ഡോ. സുലൈമാൻ പറഞ്ഞു. പൗരാണിക അറബ് ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ മേഖലകളാണിവ. മാത്രമല്ല, യുനെസ്കൊയുടെ അംഗീകരമുള്ള പ്രദേശം കൂടിയാണ്.