കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ നിയമിച്ചു

മനാമ: കുവൈത്ത് അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബായെ നിയമിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നിന് നടക്കുന്ന ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 അനുസരിച്ച് ഷെയ്ഖ് നവാഫ് സത്യപ്രതിജ്ഞ ചെയ്യും.

ചൊവ്വാഴ്ച അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസബാഹിന്റെ അര്‍ദ്ധ സഹോദരനാണ് ഷെയ്ഖ് നവാഫ്. നേരത്തെ പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി എന്നീ പദവികള്‍ വഹിച്ചിരുന്നു. 83 കാരനായ ഷെയ്ഖ് നവാഫിന് ജൂലൈ 18 ന് അമീറിന്റെ ചില ഭരണഘടനാ ചുമതലകള്‍ താല്‍ക്കാലികമായി നല്‍കിയിരുന്നു. കുവൈറ്റ് നിയമപ്രകാരം, അമീറിന്റെ അഭാവത്തില്‍ കിരീടാവകാശിയെ ആക്ടിംഗ് ഭരണാധികാരിയായി നിയമിക്കും. 2006 ലാണ് ഷെയ്ഖ് നവാഫ് കിരീടാവകാശിയായി സത്യപ്രതിജ്ഞ ചെയ്തത്.

കുവൈത്തില്‍ 40 ദിവസത്തേക്ക് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. ഒമാനിലും ബഹ്റൈനിലും മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഒമാനില്‍ പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ മുന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു.