റിയാദ്: ചെങ്കടലിൽ ഡോൾഫിനുകളെ ആക്രമിക്കുന്ന തിമിംഗലക്കൂട്ടത്തെ കണ്ടെത്തി. ജിദ്ദയ്ക്കു സമീപം ചെങ്കടലിൽ ഡൈവിങ്ങിനെത്തിയവരാണ് ഇവയെ കണ്ടത്. ജിദ്ദയിൽനിന്ന് 200 കിലോമീറ്റർ അകലെ ആൽവീ തീരത്തു കണ്ട ആക്രമണകാരികളായ തിമിംഗലക്കൂട്ടത്തെ പിന്തുടർന്ന സംഘം അവയുടെ ദൃശ്യങ്ങൾ പകർത്തി.
ആക്രമണകാരികളായ ഒർക്ക ഇനത്തിൽപ്പെട്ട തിമിംഗലക്കൂട്ടത്തെ തീരത്ത് കാണുന്നത് ഇതാദ്യമായാണ്. മൂന്നു വർഷം മുൻപും തിമിംഗലങ്ങളെത്തിയിരുന്നെങ്കിലും അവ കൂട്ടം ചേർന്നിരുന്നില്ല. ഒറ്റതിരിഞ്ഞുള്ള തിമിംഗലങ്ങളാണ് അന്നെത്തിയത്. ഡോൾഫിനുകളെയും മറ്റു സമുദ്ര ജീവികളെയുമാണ് ഈ വിഭാഗത്തിൽപ്പെട്ട തിമിംഗലങ്ങൾ ഭക്ഷിക്കുന്നത്. ചെങ്കടലിൽ പതിനാറിലേറെ ഇനത്തിൽപ്പെട്ട തിമിംഗലങ്ങളുണ്ടെന്നാണ് കണക്ക്.
അപൂർവയിനത്തിൽപ്പെട്ട തിമിംഗലങ്ങളെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ്. മാത്രമല്ല, ഇത്തരം തിമിംഗലങ്ങൾ മനുഷ്യർക്ക് ഭീഷണിയാകാറില്ല. തിമിംഗലക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ വൈറലായി.