സൗദി- ബഹ്റൈൻ റോഡ് യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് ഫീസിൽ ഇളവ്

ദമ്മാം: സൗദിയിൽനിന്ന് റോഡ് മാർഗം ബഹ്റൈനിലേക്കു പോകുന്ന യാത്രക്കാർക്ക് കോവിഡ് പിസിആർ പരിശോധനാ ഫീസിൽ ഇളവ്. അഞ്ചു വിഭാഗം യാത്രക്കാർക്കാണ് കിങ് ഫഹദ് കോസ്വേ അഥോറിറ്റി ഫീസിളവ് നൽകിയത്.

അംഗീകൃത നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബവും, ഔദ്യോഗിക ദൗത്യം കഴിഞ്ഞു മടങ്ങുന്നവർ, വിദേശ സൈനികരും അവരുടെ കുടുംബങ്ങളും, ആരോഗ്യ മന്ത്രാലയത്തിന്‍റെയും അവർക്കൊപ്പമുള്ളവരുടെയും ചെലവിൽ ചികിത്സ കഴിഞ്ഞു മടങ്ങുന്നവർ, ബഹ്റൈനിൽ കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവർക്കാണ് ഇളവ്. ബഹ്റൈൻ പൗരന്മാർക്കും സൗദി അറേബ്യയിൽനിന്നുള്ള യാത്രക്കാർക്കും ബഹ്റൈനിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അഥോറിറ്റി ഓർമപ്പെടുത്തി.

ബഹ്റൈനിൽ എത്തുന്നതിനു മുൻപ് പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സ്ഥിരീകരിക്കണം. പരിശോധനാഫലത്തിന് 72 മണിക്കൂർ വരെ സാധുതയുണ്ടാകും. ഇതില്ലാത്തവർ 400 റിയാൽ ചെലവിൽ കോസ്‌വേയുടെ നിശ്ചിത സ്ഥലത്ത് പരിശോധനയ്ക്കു വിധേയമാകണം.

ബഹ്റൈനിലെയോ ബഹ്റൈൻ അംഗീകാരമുള്ള സൗദി ലാബുകളോ നൽകുന്ന ഒറിജിനൽ പിസിആർ സർട്ടിഫിക്കറ്റുകളും സ്വീകരിക്കും.