യുഎഇയിൽ ഇതാദ്യമായി ഏറ്റവും കൂടിയ കോവിഡ് കേസുകൾ; 3,471

ദുബായ്: കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ഇതാദ്യമായി യുഎഇയിൽ ഏറ്റവും കൂടിയ പ്രതിദിന രോഗികളുടെ നിരക്ക് ഉയർന്നു. 3471 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, ആറു മരണവും രേഖപ്പെടുത്തി. ഇതോടെ, രാജ്യത്തെ ആകെ കേസുകൾ 2,56732 ആയതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ 751.

24 മണിക്കൂറിനുള്ളിൽ രോഗം ഭേദമായവരുടെ എണ്ണം 2,990. ആകെ രോഗമോചിതർ 2,28364. ഇതിനിടെ, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിക്കിയ കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കാൻ നിർദേശിച്ചു കൊണ്ട് മാനവവിഭവശേഷി മന്ത്രാലയം വിവിധ മന്ത്രാലയങ്ങൾക്കും അനുബന്ധ ഓഫീസുകൾക്കും സർക്കലുർ അയച്ചു. എല്ലാ ഗവൺമെന്‍റ് ജീവനക്കാരും പൊതു മേഖലാ കമ്പനിയിൽ പ്രവർത്തിക്കുന്നവരും രണ്ടു ഡോസ് വാക്സിൻ എടുക്കുന്നതുവരെ ഏഴു ദിവസം കൂടുമ്പോൾ പിസിആർ ടെസ്റ്റ് നടത്തേണ്ടതാണ്.

ഏപ്രിൽ മാസത്തോടെ രാജ്യത്തെ അമ്പതുശതമാനം പേർക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ ഭരണകൂടം മുന്നോട്ടു പോകുന്നത്. ഇതിന്‍റെ ഭാഗമായി ഇതുവരെ 1.972 ദശലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളൽ 90000 പേർക്കാണ് വാക്സിനെടുത്തത്.