സൗദിയില്‍ മലയാളി സഹോദരങ്ങള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചു

റിയാദ്: മൂന്ന് ആഴ്ചകള്‍ക്കു മുമ്പ് റിയാദില്‍ മരിച്ച സഹോദരന്റെ മരണാനന്തര നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അനുജനും ജിദ്ദയില്‍ മരിച്ചു. മലപ്പുറം പൊന്മുണ്ടം ആതൃശേരി സ്വദേശി പരേടത്ത് ഹംസക്കുട്ടി (53) ആണ് കോവിഡ് ബാധിച്ച് ഞായറാഴ്ച ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ മരിച്ചത്. 27 വര്‍ഷത്തോളമായി ജിദ്ദയില്‍ റോള്‍ഡ് ഗോള്‍ഡ് കട നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസം 11 നാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ പരേടത്ത് സൈതലവി (58) റിയാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ മജ്മയില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്.
റൂമ മുനിസിപ്പാലിറ്റിയില്‍ (ബലദിയ) ജീവനക്കാരനായിരുന്നു അദ്ദേഹം. സഹോദരന്റെ മരണവിവരമറിഞ്ഞു ഇപ്പോള്‍ ജിദ്ദയില്‍ വെച്ച് മരിച്ച അനുജന്‍ ഹംസക്കുട്ടി റിയാദിലെത്തുകയും സഹോദരന്റെ മരണാനന്തര നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ഖബറടക്കം നടത്തി ജിദ്ദയിലേക്ക് മടങ്ങുകയും ചെയ്തതായിരുന്നു.
പിതാവ്: പരേതനായ കുഞ്ഞാലന്‍ ഹാജി, മാതാവ്: പരേതയായ പാത്തുമ്മ, ഭാര്യ: മാടമ്പാട്ട് നസീറ കാളാട്, മക്കള്‍: സുഹാന ഷെറിന്‍, സന തസ്‌നി, മിന്‍ഹ ഫെബിന്‍, മുഹമ്മദ് അമീന്‍, മിഷ്ബ ഷെബിന്‍, മരുമകന്‍: കടവത്ത് നൗഫല്‍ ഇരിങ്ങാവൂര്‍. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫയര്‍ വിങ് നേതാക്കള്‍ രംഗത്തുണ്ട്.