സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്നും അഞ്ചും പേര്‍ മരിച്ചു

റിയാദ്​: സൗദി അറേബ്യയില്‍ 176 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി അഞ്ചുപേര്‍ മരിച്ചു. 146​ രോഗികള്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 364929 ഉം രോഗമുക്തരുടെ എണ്ണം 356697 ഉം ആയി.

ആകെ മരണസംഖ്യ 6323 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ള 1919 പേരില്‍ 319 പേരുടെ നില ഗുരുതരമാണ്​​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകള്‍: റിയാദ്​ 62, മക്ക 34, കിഴക്കന്‍ പ്രവിശ്യ 32, മദീന 12, ഖസീം 11, അസീര്‍ 7, നജ്​റാന്‍ 5, അല്‍ബാഹ 4, ഹാഇല്‍ 3, തബൂക്ക്​ 2, വടക്കന്‍ അതിര്‍ത്തി മേഖല 2, ജീസാന്‍ 1, അല്‍ജൗഫ്​ 1.