റിയാദ് മെട്രോയുടെ ആദ്യ ഘട്ടം ജൂലൈയില്‍ പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ട്

റിയാദ്: റിയാദ് മെട്രോ പാതയുടെ ആദ്യഘട്ടം 2021 പകുതിയോടെ പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ട്. 176 കിലോമീറ്ററുകളിലായി 85 സ്‌റ്റേഷനുകളോടു കൂടിയ മെട്രോ പാതയുടെ ആദ്യ ലൈനാണ് പൂര്‍ത്തീകരിക്കുന്നത്. റിയാദ് മെട്രോയുടെ നിര്‍മാണ കരാറുകള്‍ ഏറ്റെടുത്ത അല്‍സ്‌റ്റോം, ഹിറ്റാച്ചി റെയില്‍ എസ്.ടി.എസ്, ഇറ്റാലിയന്‍ സ്‌റ്റേറ്റ് റെയില്‍വെയ്‌സ് എന്നീ നിര്‍മാണ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തെ ഉദ്ധരിച്ചാണ് റെയില്‍വെ ജേര്‍ണല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കാനുള്ള അവസാനഘട്ട ജോലിയാണിപ്പോള്‍ നടക്കുന്നതെന്ന് റാമ്പഡ് കണ്‍സോര്‍ഷ്യം ഡയറക്ടര്‍ ലിന്‍ഡ്‌സെ വാംപ്ലെവ് പറഞ്ഞു ഏകദേശം മെയ് മാസത്തില്‍ പരീക്ഷണ ഓട്ടത്തിനായി കൈമാറുമെന്നും ഒരു ലൈന്‍ ജൂലൈ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നും രണ്ടാമത്തെ ലൈന്‍ 2022ല്‍ പൂര്‍ത്തികരിക്കുമെന്നും വാംപ്ലെവ് പറഞ്ഞു.
നിര്‍മാണ പൂര്‍ത്തീകരണത്തിനനുസരിച്ച് പരീക്ഷണ ഓട്ടവും നടത്തുന്നുണ്ട്. 23 ബില്യണ്‍ ഡോളറിന്റെ( ഏകദേശം 1.69 ലക്ഷം കോടിരൂപ) പദ്ധതിയാണ് റിയാദ് മെട്രൊ. 2014 ഏപ്രിലിലാണ് പദ്ധതി ആരംഭിച്ചത്. സൗദി തലസ്ഥാന നഗരമായ റിയാദില്‍ മെട്രോയും അതുമായി ബന്ധപ്പെട്ട ബസ് സര്‍വീസും 1,900 കിലോമീറ്ററുകളിലായി ബന്ധപ്പെടുത്തുന്ന ബൃഹത് പദ്ധതിയാണ്.