ദുബായ്: ഇരുപതിനായിരത്തിലേറെ പേർക്ക് ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സിനെടുത്ത് കുവൈറ്റ്. ഒരുമാസം മുൻപുതന്നെ രാജ്യത്ത് പ്രതിരോധ വാക്സിൻ പ്രചാരണം തുടങ്ങിയിരുന്നു. രണ്ടരലക്ഷം പേരാണ് കുത്തിവയ്പ്പിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയത്.
കോവിഡ് പ്രതിരോധ വാക്സിൻ എടുക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുമെന്നും ഇതിനെ പ്രതിരോധ പാസ്പോർട്ടായി കണക്കാക്കുമെന്നും ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈറ്റ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മുഴുവൻ പേരും വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്യണമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബാ പറഞ്ഞു. വാക്സിൻ വിതരണം സുഗമമാക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു രാജ്യമെന്നും പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരെയും മികച്ച ആരോഗ്യ കേന്ദ്രങ്ങളെയും സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം. അതേസമയം, കോവിഡിനു മുൻപത്തെ പോലുള്ള സാഹചര്യം വീണ്ടെടുക്കാൻ 2022 വരെ കാത്തിരിക്കേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൂട്ടലിനെ മുൻനിർത്തി അദ്ദേഹം പറഞ്ഞു.
1,55874 കോവിഡ് കേസുകളാണ് കുവൈറ്റിൽ ഇതുവരെയുള്ളത്. 946 പേർ മരിച്ചു.