ബഹ്റൈൻ അതിർത്തിയിൽ കോവിഡ് പരിശോധനയിൽ ഇളവ്

റിയാദ്: സൗദി അറേബ്യയിലെ കിങ് ഫഹദ് കോസ്‌ വേയിലൂടെ എത്തുന്നവർക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളിൽ ഇളവ് നൽകാനൊരുങ്ങി ബഹ്റൈൻ. നിർബന്ധിതമായ പിസിആർ പരിശോധന അതിർത്തിയിൽ ഒഴിവാക്കിയേക്കും. ബഹ്റൈന്‍റെ തീരുമാനത്തെ സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽനിന്നുള്ളവർ സ്വാഗതം ചെയ്തു.

അതേസമയം, അതിർത്തി കടന്നെത്തുന്നവർ ബഹ്റൈനിലെയോ സൗദിയിലെയോ അംഗീകൃത ലാബുകളിൽനിന്ന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് ഫലം കൈവശം വയ്ക്കേണ്ടതാണ്. ഒറിജിനൽ പരിശോധനാ ഫലമോ മൊബൈൽ ആപ്പുവഴിയുള്ള ഫലമോ കാണിച്ചാൽ മതിയാകും. രാജ്യത്തെത്തുന്നവർ നിർബന്ധമായും കോവിഡ് മുൻകരുതലുകൾ പാലിക്കണമെന്നും ബഹ്റൈൻ അധികൃതർ ആവശ്യപ്പെട്ടു.

ജനുവരി 17 മുതൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളിലുള്ള ഇളവ് പ്രാബല്യത്തിൽ വരുമെന്ന് ബഹ്റൈൻ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഇതോടെ, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ സംവിധാനം കൂടതൽ എളുപ്പമാകും. വളരെ പോസിറ്റിവായ തീരുമാനമെന്നാണ് കിഴക്കൻ സൗദിക്കാർ നടപടിയെ വിശേഷിപ്പിച്ചത്. ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ബഹ്റൈന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഈജിപ്റ്റ് സ്വദേശി സമേഷ് സമീർ. ദമാമിൽ ജോലി ചെയ്യുന്ന തന്‍റെ നിരവധി ബന്ധുക്കൾ ബഹ്റിനുലുണ്ട്. ഇക്കാരണംകൊണ്ടുതന്നെ ഇടയ്ക്കിടെയുള്ള യാത്രയും ആവശ്യമാണ്. കോവിഡ് ഇളവുകൾ വരുന്നതോടെ യാത്ര സുഖകരമാകും. ഇരുരാജ്യങ്ങൾക്കും സാമ്പത്തിക മേഖലയിൽ നേട്ടമുണ്ടാക്കാൻ കഴിയുന്ന പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്ത്യക്കാരനായ ഫക്രുദീൻ അഹമ്മദ്. ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം ഇരുവശത്തേക്കുമായി യാത്രചെയ്യുന്നത്. ടൂറിസം മേഖലയിലും വ്യാപാരരംഗത്തും പുതിയ നടപടി ഉണർവുണ്ടാക്കും.