540 ഉംറ സർവീസ് കമ്പനികൾക്ക് വിലക്ക്

റിയാദ്: നിയമലംഘനത്തെത്തുടർന്ന് 540 ഉംറ സർവീസ് കമ്പനികൾക്ക് സൗദി അറേബ്യയിൽ വിലക്ക്. വിവിധ രാജ്യങ്ങളിൽനിന്നെത്തുന്ന തീർഥാടകർ കർമങ്ങൾ പൂർത്തിയാക്കി നിശ്ചിത സമയത്തിനുളളഇൽ തിരിച്ചു പോകണമെന്നാണ് വ്യവസ്ഥ. ഇത് പൂർണമായും സർവീസ് കമ്പനികളുടെ ഉത്തരവാദിത്വമാണ് . എന്നാൽ ഈ നിയമം ലംഘിച്ച കമ്പനികൾക്കാണ് ഇപ്പോൾ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വിലക്കേർപ്പെടുത്തിയതോടെ നിരവധി സ്വദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാനിടയാക്കും. തീർഥാടക സേവനവുമായി ബന്ധപ്പെട്ട് നിരവധി പേർ വിവിധ കമ്പനികളിൽ ജോലി ചെയ്തുവരുകയാണ്. വിമാനത്താവളങ്ങളിലും മറ്റ് അതിർത്തിപോസ്റ്റുകളിലും ഹോട്ടലുകളിലും കമ്പനി ആസ്ഥാനങ്ങളിലുമായി ജോലി ചെയ്യുന്ന സ്വദേശികൾക്ക് വലിയ തിരിച്ചടിയാകും വിലക്ക്.

സൗദി ദേശീയ ഹജ്, ഉംറ കമ്മിറ്റി മുൻ പ്രസിഡന്‍റ് ജമീൽ അല് ഖുറൈശിയാണ് 540 കമ്പനികൾക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയ കാര്യം അറിയിച്ചത്.