‘പ്രണയിനിയുടെ നാട്ടിലൂടെ ബസ്സില്‍ പോകുമ്പോള്‍’

അകാലത്തിൽ പൊലിഞ്ഞുപോയ കവി ജിനേഷ് മടപ്പള്ളിയുടെ മനോഹരമായ ഒരു കവിത വായിക്കാം

പ്രണയിനിയുടെ നാട്ടിലൂടെ
ബസ്സില്‍ പോകുമ്പോള്‍
പിറന്ന മണ്ണിനോടെന്ന പോലെ
ഒരടുപ്പം ഉള്ളില്‍ നിറയും

അവള്‍ പഠിച്ചിറങ്ങിയ
സ്കൂള്‍മുറ്റത്തെ കുട്ടികള്‍ക്കെല്ലാം
അവളുടെ ഛായയായിരിക്കും

അവര്‍ക്ക് മിഠായി നല്‍കാന്‍
മനസ്സ് തുടിക്കും

നിരത്തുവക്കിലെ
മരണവീട്ടില്‍
തിരക്കു കാരണം
കയറാന്‍ കഴിഞ്ഞില്ലെന്ന്
തൊട്ടടുത്തിരിക്കുന്ന
യാത്രക്കാരനോട്
പരിഭവം പറയും

വാര്‍ഡ് മെമ്പര്‍ക്കു നേരെ
പുതുതായി
വോട്ടവകാശം കിട്ടിയവനെപ്പോലെ
നിഗൂഢമായ് ചിരിക്കും

ചിലനേരത്ത്
കല്യാണം കഴിഞ്ഞെന്ന് വരെ
തോന്നലുണ്ടാവും

അന്നാട്ടിലെ
പെണ്ണുങ്ങളെല്ലാം
പ്രതിശ്രുതവരനെയെന്ന പോലെ
തന്നെ വീക്ഷിക്കുന്നുണ്ടെന്ന ബോധത്താല്‍
ശരീരം കിടുങ്ങും

തിരിച്ച് വീട്ടിലെത്തുമ്പോള്‍
അവളുടെ പ്രദേശം
സ്വന്തമായ ഭരണഘടനയും
ഭൂപടവുമുള്ള
ഒരു രാഷ്ട്രമാണെന്ന് തിരിച്ചറിവുണ്ടാവും

അത്
അവളെപ്പോലെ
ആര്‍ക്കും കീഴടക്കാന്‍ കഴിയാതെ
ഇരുളിലേക്ക്
പരക്കുകയായിരിക്കും.