ഖത്തർ അതിർത്തിയിൽ സൗദി ഹെൽത്ത് സെന്‍റർ

ദുബായ്: ഖത്തർ അതിർത്തിയായ സൽവയിൽ സൗദി അറേബ്യ കോവിഡ്- 19 ഹെൽത്ത് സെന്‍റർ തുടങ്ങി. ഉപരോധങ്ങൾ പിൻവലിച്ച് അതിർത്തികൾ തുറന്നതിനു പിന്നാലെയാണ് ആരോഗ്യമേഖലയിലെ പുതിയ നീക്കം. സൗദിയിലേക്ക് എത്തുന്നവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തേണ്ടതും മൂന്നു ദിവസം ക്വാറന്‍റീനിൽ കഴിയേണ്ടതുമാണ്.

ഖത്തറിൽനിന്ന് എത്തുന്നവർക്ക് ആവശ്യമായ സഹായം ചെയ്യുന്നതിന് സൽവാ അതിർത്തിയിൽ മെഡിക്കൽ സംഘം ഉണ്ടായിരിക്കും. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാമെന്ന് ഇവിടെയുള്ള രജിസ്റ്ററിൽ ഒപ്പുവച്ച് ഉറപ്പുനൽകേണ്ടതാണ്. കോവിഡ് വ്യാപനം ശക്തമായ 2020 ഏപ്രിൽ മാസത്തിനുശേഷം ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 97 പുതിയ കേസുകളുമുണ്ടായി.