സൽമാൻ രാജാവ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു

റിയാദ്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സൽമാൻ രാജാവിന് പ്രതിരോധ കുത്തിവയ്പ്പെടുക്കുന്ന ദൃശ്യം സൗദി വാർത്താ ഏജൻസി പുറത്തുവിട്ടു. രോഗ ചികിത്സയെക്കാൾ നിവാരണമാണ് നല്ലതെന്ന ഭരണകൂടത്തിന്‍റെ നയത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് രാജവ് വാക്സിൻ സ്വീകരിച്ചതിലൂടെ വെളിവായതെന്ന് ആരോഗ്യമന്ത്രി ത്വഫീഖ് അൽ റബിയ പറഞ്ഞു.

രാജ്യത്തെ എല്ലാവർക്കും രണ്ടു ഡോസ് വാക്സിൻ എടുക്കുന്നതിനുള്ള സൗകര്യം വിവിധയിടങ്ങളിലായി ഒരുക്കിയിട്ടുണ്ട്. ഫൈസറിന്‍റെ വാക്സിനാണ് ഇപ്പോൾ സൗദിയിൽ‌ നൽകിവരുന്നത്.

ഗൾഫ് മേഖലയിൽ ബഹ്റൈനു പിന്നാലെ കോവിഡ് വാക്സിൻ ഏർപ്പെടുത്തിയ രാജ്യമാണ് സൗദി അറേബ്യ. മൂന്നു ഘട്ടങ്ങളായാണ് ഇത് നൽകുക. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സഹോദരൻ ഖാലിദ് ബിൻ സൽമാനും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും നേരത്തേതന്നെ ആദ്യ ഡോസ് വാക്സിൻ എടുത്തിരുന്നു. രാജ്യത്ത് ഇതുവരെ പത്തുലക്ഷം പേരാണ് വാക്സിൻ എടുക്കാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ മൂന്നു കേന്ദ്രങ്ങളിലാണ് കുത്തിവയ്പ്പ് നൽകുന്നത്.

കോവിഡ് പ്രതിരോധ വാക്സിനെടുത്തവർക്ക് പ്രത്യേക ഡിജിറ്റൽ ഹെൽത്ത് പാസ്പോർട്ട് ഏർപ്പെടുത്തിയിരുന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ ആപ്പ് വഴി ഈ “പാസ്പോർട്ട് ‘ ലഭിക്കും. വ്യക്തി വിവരം കൂടാതെ വാക്സിൻ എടുത്തതുമായി ബന്ധപ്പെട്ട പൂർണവിവരം ഇതിൽ ഉണ്ടായിരിക്കും.