കോവിഡ്: സൗദിയില്‍ കര്‍ശന നിയന്ത്രണം 20 ദിവസത്തേക്ക് കൂടി തുടരും, വിമാന വിലക്ക് തുടരും

ജിദ്ദ: കോവിഡ്‌ രണ്ടാം ഘട്ട വ്യാപന ഭീഷണി ഒഴിവാക്കാന്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക്‌ കൂടി നീട്ടി സൗദി അറേബ്യ. ഫെബ്രുവരി മൂന്നിന്‌ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണ കാലാവധി ഇന്ന്‌ അവസാനിക്കാനിരിക്കെയാണ്‌ ഇന്ന്‌ രാത്രി 10 മുതല്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക്‌ കൂടി നീട്ടിയത്‌. രാജ്യത്തെ റെസ്റ്റോറന്‍ുകളില്‍ ഇരുന്ന്‌ ഭക്ഷണം കഴിക്കാന്‍ പാടില്ല. പാഴ്‌സലുകള്‍ മാത്രമേ അനുവദിക്കു. ആള്‍ക്കൂട്ടം പാടില്ല. പൊതുപരിപാടികള്‍ക്കുള്ള വിലക്ക്‌ തുടരും. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടച്ചിടുന്നത്‌ തുടരും.

പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ല. എല്ലാ വിനോദപരിപാടികളും നിര്‍ത്തുക. സിനിമ ശാലകള്‍, ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍, സ്വതന്ത്ര ഇന്‍ഡോര്‍ ഗെയിംസ്‌ സ്ഥലങ്ങള്‍ അല്ലെങ്കില്‍ റസ്‌റ്റോറന്റുകള്‍, ഷോപ്പിങ്‌ സെന്ററുകളിലെ വിനോദ കേന്ദ്രങ്ങള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവ അടക്കുക, റസ്‌റ്റോറന്‍ുകള്‍ കഫേകള്‍ എന്നിവിടങ്ങളില്‍ അകത്തിരുന്ന്‌ ഭക്ഷണം നല്‍കുന്നത്‌ നിര്‍ത്തുക, സേവനം പരസ്‌പരം നല്‍കുന്നതില്‍ പരിമിതപ്പെടുത്തുക.

ഇവന്റുകള്‍,മീറ്റിങ്ങുകള്‍, ഒത്തുചേരല്‍, പാര്‍ട്ടികള്‍, ഖബറടക്കല്‍ എന്നിവക്ക്‌ നേരത്തെ സൂചിപ്പിച്ച മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ആരോഗ്യ മുന്‍കരുതല്‍ തീരുമാനങ്ങള്‍ അധികാരികളുടെ നിരന്തരമായ വിലയിരുത്തലിനും വിധേയമായിരിക്കും.

കൊവിഡ്‌ വ്യപനം തടയാന്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിന്‌ പ്രഖ്യാപിച്ച പ്രസ്‌താവനയുടെ തുടച്ചയാണിത്‌. നിയന്ത്രണങ്ങള്‍ 20 ദിവസം കൂടി തുടരും. ഫെബ്രുവരി 14 രാത്രി 10മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൊവിഡ്‌ സ്ഥിതിഗതികള്‍ വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകള്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ ഭാഗമാണ്‌ തീരുമാനം.