ആസ്ത്മ; മരുന്നുകളേക്കാള്‍ ഫലപ്രദം ഇന്‍ഹേലര്‍

ഇന്‍ഹേലര്‍ ഉപയോഗമാണ് ആസ്ത്മയ്ക്ക് ഏറ്റവും സുരക്ഷിതമായ ചികിത്സയെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇത് സംബന്ധമായ അവബോധം സൃഷ്ടിക്കുന്നതിനായുള്ള ദേശീയ പ്രചാരണത്തിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും തുടക്കം കുറിച്ചു. ആയുഷ്മാന്‍ ഖുറാനായാണ് ഈ വര്ഷം പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
രാജ്യത്ത് 3.79 കോടി ആസ്ത്മ രോഗികളുണ്ടെങ്കിലും നല്ലൊരു ശതമാനം നിലവില്‍ ഇന്‍ഹേലര്‍ ഉപയോഗിക്കുന്നില്ല. ഇന്‍ഹേലര്‍ ചികിത്സ സംബന്ധിച്ച ചില തെറ്റിദ്ധാരണകളാണ് കാരണം. പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്‍ഹേലര്‍ ഉപയോഗം കൂടുന്നുണ്ട്. ഗുളികകള്‍, സിറപ്പുകള്‍ എന്നിവയെക്കാളും ഫലപ്രദവും പാര്‍ശ്വഫലങ്ങളില്ലാത്തതും ഇന്‍ഹേലറുകളാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആസ്ത്മാ രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചുവരികയാണെന്ന് കൊച്ചി ആസ്റ്റര്‍മെഡ്‌സിറ്റിയിലെ പള്‍മണോളജിസ്റ്റ് ഡോ.പ്രവീണ്‍ വത്സന്‍ പറഞ്ഞു. പ്രതിദിനം ശരാശരി 5 ആസ്ത്മാ രോഗികള്‍ തന്റെയടുത്തത് ചികിത്സയ്ക്കെത്തുന്നുണ്ട്.ജീവിതശൈലിയിലെ അനാരോഗ്യങ്ങളായ മാറ്റങ്ങള്‍, അന്തരീക്ഷ മലിനീകരണം, വൈകാരിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണ് രോഗവര്‍ധനയ്ക്ക് കാരണമാകുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുട്ടികളില്‍ ആസ്ത്മ കൂടുതലായി കണ്ടുവരുന്നു. ഇപ്പോള്‍ ആളുകള്‍ മാസ്‌ക് വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ രോഗനിരക്ക് കുറഞ്ഞുവരുന്നുണ്ടന്ന് ഡോ. പ്രവീണ്‍ അഭിപ്രായപ്പെട്ടു.
20-25 ശതമാനം രോഗികള്‍ ഇന്‍ഹേലര്‍ ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കുന്നുണ്ടെന്ന് എറണാകുളം ലിസ്സി ആശുപത്രിയിലെ പള്‍മണോളജി ആന്‍ഡ് ക്രിട്ടിക്കല്‍കെയര്‍ സീനിയര്‍കണ്‍സല്‍ട്ടന്റ് ഡോ.പരമേസ് പറഞ്ഞു. ഇന്‍ഹേലറുകള്‍ക്ക് അടിമപ്പെട്ടുപോകുമോ എന്ന ഭയമായിരിക്കാം ഇതിന് കാരണം. മരുന്ന് എത്തേണ്ടിടത്തു തന്നെ നേരിട്ട് എഴുമെന്നതിനാല്‍ ഇന്‍ഹേലര്‍ തന്നെയാണ് ഉത്തമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.