ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം

ദമ്മാം: ചരക്കുകപ്പലുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അന്വേഷണം സൗദി ഊര്‍ജിതമാക്കി.
കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്താണ് ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരക്കാണ് സംഭവം. സൗദി പതാക വഹിച്ച, അല്‍ബഹ്രി കമ്പനിക്കു കീഴിലെ കപ്പലും ടാന്‍സാനിയ കപ്പലുമാണ് കൂട്ടിയിടിച്ചത്. ദമാം തുറമുഖ കനാലിന്റെ പ്രവേശന കവാടത്തിലാണ് അപകടം. ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ല. കാര്യമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടില്ല. അപകടം ദമാം തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടില്ല. സംഭവമുണ്ടായ ഉടന്‍ ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കുന്ന അംഗീകൃത നടപടികള്‍ സ്വീകരിച്ചു.
അട്ടിമറി പ്രതീക്ഷിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സംഭവത്തില്‍ പ്രത്യേക കമ്മിറ്റി അന്വേഷണം തുടരുകയാണെന്നും സൗദി തുറമുഖ അതോറിറ്റി അറിയിച്ചു.