കോവിഡിനെ പേടിക്കേണ്ട; സുരക്ഷിത യാത്രയില്‍ സൗദി ആറാം സ്ഥാനത്ത്

റിയാദ്: കോവിഡ് കാലത്ത് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന ജി.സി.സി രാജ്യമായി സൗദി അറേബ്യ. വിഗോ ട്രാവല്‍ ബ്ലോഗ് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ലോകത്തെ ആറാമത്തെ രാജ്യമാണ് സൗദി. മിഡില്‍ ഈസ്റ്റിലെ ഏക രാജ്യവും.
പകര്‍ച്ചവ്യാധി സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിനായി രാജ്യം സ്വീകരിച്ച നടപടികള്‍, വൈറസിന്റെ വ്യാപനം ഗണ്യമായി കുറയ്ക്കുന്നതിനും സ്ഥിരപ്പെടുത്തുന്നതിനുമുള്ള രാജ്യങ്ങളുടെ കഴിവ്, ആരോഗ്യ സംവിധാന ശേഷി, അണുബാധകള്‍ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള വലിയ തോതിലുള്ള പരിശോധന ശേഷി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് സൗദിക്ക് ആറാം സ്ഥാനം ലഭിച്ചത്.
കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഏറെ ശ്ലാഘനീയമായിരുന്നു. ടെസ്റ്റിംഗ് ഹബുകളോ ചികിത്സാ കേന്ദ്രങ്ങളോ ആയി മന്ത്രാലയം സ്ഥാപിച്ച ആരോഗ്യ ക്ലിനിക്കുകള്‍ രാജ്യത്തില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് സഹായകമായി.
രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും പരിശോധന നല്‍കുന്നു. അതേസമയം രോഗികള്‍ക്കും പനി, രുചി നഷ്ടം, മണം എന്നിവ പോലുള്ള വൈറസ് ലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സയും ഉപദേശവും നല്‍കുന്നു. അതേസമയം സൗദി അറേബ്യയില്‍ കോവിഡ് മരണനിരക്ക് കുറയുന്നുമുണ്ട്. ശനിയാഴ്ച 13 പേരാണ് മരിച്ചത്. നവംബര്‍ 12 മുതല്‍ പ്രതിദിനം 20-ല്‍ താഴെ മരണങ്ങള്‍ മാത്രമാണുള്ളത്. കോവിഡ് മൂലം സൗദിയില്‍ ആകെ മരിച്ചത് 5,870 പേരാണ്.