പ്രതീക്ഷയ്ക്ക് മങ്ങല്‍; ഇന്ത്യയിലേക്ക് ഡിസംബര്‍ 31 വരെ വിമാനങ്ങള്‍ക്ക് വിലക്ക്‌

പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനും തിരിച്ചുവരാനുമുള്ള പ്രതീക്ഷയ്ക്ക് മങ്ങലേകി. ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ വിമാന വിലക്ക് തുടരും.

കൊറോണ വൈറസ് മഹാമാരി പ്രതിസന്ധികൾക്കിടെ അന്താരാഷ്ട്ര വിമാന സർവീസ് നിരോധനം ഇന്ത്യ ഡിസംബർ 31 വരെ നീട്ടി. തിരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്ക് നിശ്ചിത എണ്ണം ഫ്ലൈറ്റുകൾ അനുവദിക്കുമെന്ന് ഡിജിസി‌എ വ്യക്തമാക്കി. അന്താരാഷ്ട്ര ചരക്കു ​ഗതാ​ഗതത്തിനും ഡി‌ജി‌സി‌എ പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു.

നിരോധനം നീട്ടി തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ യോഗ്യത അടിസ്ഥാനമാക്കി അന്താരാഷ്ട്ര ഷെഡ്യൂൾഡ് അനുവദിച്ചാക്കാമെന്നും പ്രസ്താവനയിൽ പറയുന്നു. ഈ മാസം ആദ്യം, ഡി‌ജി‌സി‌എ ഷെഡ്യൂൾ‌ ചെയ്‌ത അന്തർ‌ദ്ദേശീയ പാസഞ്ചർ‌ വിമാനങ്ങളുടെ നിരോധനം നവംബർ 30 വരെ നീട്ടിയിരുന്നു. ഇതിനെ തു‍ട‍ർന്നാണ് ഇപ്പോൾ ഡിസംബർ 31 വരെ നിരോധനം നീട്ടിയിരിക്കുന്നത്.

വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ആർക്കും എയർ ബബിൾ ക്രമീകരണത്തെ ആശ്രയിക്കേണ്ടി വരും. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള എയർ ബബിൾ ഉടമ്പടി പ്രകാരം, പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങൾ അവരുടെ പ്രദേശങ്ങൾക്കിടയിൽ എയർലൈൻസിന് പ്രവർത്തിപ്പിക്കാൻ കഴിയും. നിലവിലെ കണക്കനുസരിച്ച് 22 ഓളം രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറുകളിലേർപ്പെട്ടിട്ടുണ്ട്.