നാരങ്ങ ശീലമാക്കാം; ജീവിതം ആരോഗ്യകരമാക്കാം

ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ ഒട്ടേറെ ഗുണങ്ങളുണ്ട്. പല രോഗങ്ങളും ശമിപ്പിക്കാന്‍ ഈ വെള്ളത്തിനു കഴിയും. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഇതിലൂടെ ലഭിക്കുകയും ചെയ്യും. നാരങ്ങ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുടെ തോത് കുറക്കുകയും ചെയ്യും.

നാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍

ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പലിയിക്കാന്‍ നാരങ്ങയ്ക്കു കഴിയും. നാരങ്ങ രക്തചംക്രമണം ത്വരിതപ്പെടുത്തുകയും ഹൃദയസംബന്ധിയായ പ്രശ്‌നങ്ങള്‍ കുറക്കുകയും ചെയ്യും.
പ്രമേഹമുള്ളവരുടെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താനും നാരങ്ങ്ക്കു കഴിയും.

വായുവില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും വെള്ളത്തില്‍ നിന്നുമെല്ലാം ശരീരത്തില്‍ കടന്നുകൂടുന്ന മാലിന്യങ്ങളെ പുറന്തള്ളാന്‍ നാരങ്ങയ്ക്കു പ്രത്യേക കഴിവുണ്ട്. ആന്റി ഓക്‌സിഡന്റ്, വൈറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് നാരങ്ങ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രകൃതിദത്തമായ ആന്റിബയോട്ടിക്, ആന്റിഫംഗല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ അണുബാധകളെ തടയും. ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിക്കുകവഴി ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നു. ഇത് കിഡ്നി സ്റ്റോണ്‍ / മൂത്രത്തില്‍ക്കല്ല് ഇല്ലാതാക്കും.

വൃക്കയിലെയും പിത്താശയത്തിലെയും കല്ല് നീക്കംചെയ്യാനും നാരങ്ങനീരിനു കഴിയും. വയറുവേദന ഉണ്ടെങ്കില്‍ ദിവസവും രാവിലെ ചൂടുവെള്ളത്തില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. ദിവസവും നാരങ്ങാനീര് കുടിക്കുക വഴി ഉദരരോഗങ്ങള്‍ ഇല്ലാതാക്കാം. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ത്വക്കിന് തിളക്കം നല്‍കുന്നതിനോടൊപ്പം മുഖത്തെ ചുളിവുകളും പാടുകളും അപ്രത്യക്ഷമാവുകയും ചെയ്യും. ദേഹത്തെ നീര്‍ക്കെട്ടും വേദനയും കുറക്കാന്‍ നാരങ്ങ ഗുണകരമാണ്. സന്ധിവേദനയുള്ളവര്‍ക്കും പനി, ചുമ, ജലദോഷം എന്നിവയുള്ളവര്‍ക്കും നാരങ്ങ മികച്ച പരിഹാരമാണ്.