ആര്‍ത്തവസമയത്ത് കൂടുതല്‍ രക്തസ്രാവമുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡോ. ഗീത പി.

Dr. Geetha P

കൗമാരക്കാരില്‍ കണ്ടുവരുന്ന ആര്‍ത്തവ സംബന്ധമായ അസുഖങ്ങളില്‍ വളരെ  സാധാരണമാണ് അമിതരക്തസ്രാവവും അതിനോട് അനുബന്ധിച്ചുള്ള പ്രശ്നങ്ങളും.
സാധാരണയായി കുട്ടികളില്‍ ആര്‍ത്തവം ആരംഭിക്കുന്നത് 11 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി 11 വയസ്സിനു മുന്‍പും 14 വയസ്സിനു ശേഷവും പലര്‍ക്കും  ആര്‍ത്തവ ആരംഭം കണ്ടുവരാറുണ്ട്. ഈ സമയത്ത് ക്രമം തെറ്റിയും അമിതമായും ഉണ്ടാകുന്ന രക്തസ്രാവം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കാറുണ്ട്.
അമിതരക്തസ്രാവം ?
സാധാരണയായി ആര്‍ത്തവം 22 ദിവസം മുതല്‍ 35 ദിവസത്തിനുള്ളില്‍ വരുന്നതും 3 മുതല്‍ 7 ദിവസംവരെ നീണ്ടുനില്‍ക്കുന്നതുമാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി അടുത്തടുത്ത് വരുന്നതും 7ല്‍ കൂടുതല്‍ ദിവസം നീണ്ടുനില്‍ക്കുന്നതും കട്ടകളായി രക്തം പോകുന്നതും അമിത രക്തസ്രാവമായി കണക്കാക്കാവുന്നതാണ്.
കാരണങ്ങള്‍ ?
1. ആര്‍ത്തവത്തിന്‍റെ ആരംഭഘട്ടത്തില്‍ ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തില്‍ ചെറിയ തോതിലുള്ള അസന്തുലിതാവസ്ഥ കാണാറുണ്ട്. ഇത്തരം വ്യതിയാനങ്ങള്‍ അമിത രക്തസ്രാവത്തിന് കാരണമാകാറുണ്ട്.
2. സാധാരണയായി രക്തം കട്ടപിടിക്കുവാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ മനുഷ്യശരീരത്തിലുണ്ട്. ഈ ഘടകങ്ങള്‍ അമിതരക്തസ്രാവം തടയുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു.  ഇത്തരം  ഘടകങ്ങള്‍ ശരീരത്തില്‍ ആവശ്യമായ അളവില്‍ നിന്നും  കുറയുന്നത്  അമിതരക്തസ്രാവത്തിന് കാരണമാകാറുണ്ട്.
3. പോളിസിസ്റ്റിക് ഓവറി എന്ന പ്രതിഭാസം ഇപ്പോള്‍ കുട്ടികളില്‍ ധാരാളമായി കണ്ടുവരുന്നുണ്ട്.  ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണ് കാരണം. ഇതും അമിത രക്തസ്രാവത്തിന് കാരണമാകുന്നുണ്ട്.
4. തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലെ അപാകത മൂലമുണ്ടാകുന്ന അമിതരക്തസ്രാവം.
ആവശ്യമായ പരിശോധനകള്‍ ?
1. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ്
2. രക്തം കട്ടപിടിക്കുവാന്‍ സഹായിക്കുന്ന ഘടകങ്ങളുടെ അളവ്
3. തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവ്
4. ഗര്‍ഭാശയസംബന്ധമായും അണ്ഡാശയസംബന്ധമായും ഉള്ള മുഴകള്‍ മനസ്സിലാക്കാനുള്ള സ്കാനിംഗ് ടെസ്റ്റുകള്‍.

ചികിത്സാ മാര്‍ഗങ്ങള്‍?
1. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുക. വളരെയധികം രക്തക്കുറവുള്ള കുട്ടികള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരും. രക്തം  അടയ്ക്കേണ്ടതായി വന്നേക്കാം.
2. മിതമായ തോതിലുള്ള രക്തക്കുറവ് ഗുളികകള്‍കൊണ്ട് ചികിത്സിക്കാവുന്നതാണ്.
3. അമിത രക്തസ്രാവം നിര്‍ത്തുവാനായി ഹോര്‍മോണ്‍ ഗുളികകള്‍ കൊടുക്കാവുന്നതാണ്.
4. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനുള്ള ഗുളികകള്‍ കൊടുക്കാവുന്നതാണ്.
5. അമിത രക്തസ്രാവം കുട്ടികളില്‍ മാനസിക പിരിമുറുക്കത്തിന് കാരണമാകാം. അത്തരം കുട്ടികള്‍ക്ക് മാതാപിതാക്കളുടേയും  അദ്ധ്യാപകരുടേയും ചികിത്സിക്കുന്ന ഡോക്ടറുടേയും പ്രത്യേക പരിഗണനയും പിന്തുണയും ആവശ്യമാണ്.
6. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കേണ്ടതുണ്ട്. ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള അണുബാധയില്‍ നിന്നും രക്ഷനേടുന്നതിന് ഇത് സഹായകമാകും.
7. കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുകയും മിതമായ തോതില്‍ വ്യായാമം ചെയ്യുകയും ചെയ്താല്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ പരിഹരിക്കാനാകും.

ഡോ. ഗീത പി.
സീനിയര്‍ കണ്‍സള്‍ട്ടന്‍റ്
ഒബ്സ്ട്രെറ്റിക്സ് ആന്‍ഡ് ഗൈനക്കോളജി
കിംസ്ഹെല്‍ത്ത്, തിരുവനന്തപുരം.