മക്കയില്‍ പുതിയ റോഡ് ഉദ്ഘാടനം ചെയ്തു

മക്ക: പഴയ ജിദ്ദ റോഡും അബ്ദുല്ല അരീഫ് സ്ട്രീറ്റും സന്ധിക്കുന്ന ഇന്റർസെക്ഷനിലെ പുതിയ മേൽപാലം മക്ക ഗവർണർ എൻജിനീയർ മുഹമ്മദ് അൽഖുവൈഹിസ്  ഉദ്ഘാടനം ചെയ്തു. ട്രാഫിക് ഡയറക്ടറേറ്റിലെയും നഗരസഭയിലെയും മുതിർന്ന ഉദ്യോഗസ്ഥർ  ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഏഴര കോടിയിലേറെ റിയാൽ ചെലവഴിച്ച് നിർമിച്ച മേൽപാലം പഴയ മക്ക-ജിദ്ദ റോഡിൽ ഹറം ദിശയിൽ ഗതാഗതം എളുപ്പമാക്കുകയും ട്രാഫിക് സിഗ്നലുകൾ ഇല്ലാതാക്കുകയും ചെയ്യും. 750 മീറ്റർ നീളമുള്ള മേൽപാലത്തിൽ ഇരു ദിശകളിലെയും റോഡുകളിൽ രണ്ടു വീതം ട്രാക്കുകളാണുള്ളത്. പാലത്തിന്റെ കോൺക്രീറ്റ് സ്ട്രക്ചറിന്റെ നീളം 350 മീറ്ററും ഉയരം 2.75 മീറ്ററുമാണ്.