സൗദി അറേബ്യയിലെ രണ്ട് വലിയ ബാങ്കുകള്‍ ലയിച്ചു

റിയാദ്: സൗദി അറേബ്യയിലെ വലിയ രണ്ടു ബാങ്കുകള്‍ ലയിച്ചു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബാങ്കായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്ക്, സാമ്പ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നിവയാണ് ലയനം പ്രഖ്യാപിച്ചത്. ലയനം പ്രഖ്യാപിച്ചതോടെ 223 ബില്യന്‍ ഡോളര്‍ കൈകാര്യം ചെയ്യുന്ന മേഖലയിലെ ഏറ്റവും വലിയ ബാങ്കായി മാറി.
ഇതു സംബന്ധിച്ച കരാറില്‍ ഞായറാഴ്ച ബാങ്കുകളുടെ തലവന്മാര്‍ ഒപ്പുവച്ചു. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ബാങ്കാണ് നാഷണല്‍ കൊമേഴ്സ്യല്‍ ബാങ്ക്. സൗദി ഗവണ്‍മെന്റിന്റെ ധനകാര്യ സ്ഥാപനങ്ങളുടെ വികസനത്തിനുവേണ്ടിയുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ലയനം, കഴിഞ്ഞ 12 മാസത്തിനിടയിലെ രണ്ടാമത്തെ വലിയ ലയനമാണിത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്നും ഉപയോക്താക്കള്‍ക്ക കൂടുതല്‍ സര്‍വീസ് ലഭിക്കുമെന്നും ബാങ്കുകള്‍ അറിയിച്ചു. എന്‍സിബി ചെയര്‍മാന്‍ സയീദ് മുഹമ്മദ് അല്‍ ഗാംദിയാണ് ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും. സാംബയുടെ ചെയര്‍മാന്‍ അമര്‍ അല്‍ഖുഡൈരി സംയുക്ത ബാങ്കുകളുടെ ചെയര്‍മാനായി തുടരും.
വിഷന്‍ 2030 പ്രകാരം വിഭാവനം ചെയ്തിട്ടുള്ള പരിവര്‍ത്തനത്തെ സുഗമമാക്കുന്ന രീതീയില്‍ ബാങ്കിനെ മാറ്റുക, നാളത്തെ വ്യവസായികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുക, പുതുജനറേഷന്‍ ബാങ്കിംഗ് സേവനങ്ങള്‍ക്ക് വഴിയൊരുക്കുക എന്നതാണ് തങ്ങളുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിലെ റീട്ടെയില്‍, കോര്‍പ്പറേറ്റ് ബാങ്കിംഗിന്റെ 25 ശതമാനം വിപണി വിഹിതവും ട്രേഡ് ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് എന്നിവയില്‍ കമാന്‍ഡിംഗ് സ്ഥാനവും സംയുക്ത ബാങ്കിന് ഉണ്ടായിരിക്കും. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്‍സിബിയുടെയും സാംബയുടെയും പ്രധാന ഓഹരിയുടമയാണ്.