വരുന്നു, സൗദിക്ക് വനിതാ ജഡ്ജി

ദുബായ്: സാമൂഹിക നവോത്ഥാനത്തിന്‍റെ പുത്തൻ അധ്യായം തീർത്ത് സൗദി അറേബ്യയിലെ കോടതികളിലേക്ക് വനിത ജഡ്ജിമാരെത്തുന്നു. ഏതാനും വർഷങ്ങളായി തുടർന്നു വരുന്ന സാമൂഹിക പരിഷ്കരണത്തിന്‍റെ ഭാഗമായി ഉടൻ വനിതാ ജഡ്ജിമാരെ നിയോഗിക്കുമെന്ന് അധികൃതർ.

വനിതാ ജഡ്ജിയെ നിയമിക്കുന്ന കാര്യത്തിൽ നടപടികൾ പുരോഗമിക്കുകയാണെന്നും എത്രയും പെട്ടന്ന് നടപടിയുണ്ടാകുമെന്നും മാനവ വിഭവ- സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ ശാക്തീകരണത്തിനായുള്ള വിഭാഗത്തിന്‍റെ അണ്ടർ സെക്രട്ടറി ഹിന്ദ് അൽ സഹീദ് വ്യക്തമാക്കി. വ്യത്യസ്ത മേഖലകളിൽ വനിതാ സാന്നിധ്യം ഉറപ്പുവരുത്തുന്നതുൾപ്പെടെ വനിതാ ശാക്തീകരണത്തിൽ പ്രതിജ്ഞാബദ്ധമാണ് സൗദി ഭരണകൂടമെന്ന് അൽ അറേബ്യക്കു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

വനിതാ അവകാശങ്ങളിൽ സൗദി അറേബ്യ കൈവരിച്ച പുരോഗതി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് സഹീദ്. രാജ്യത്തെ തൊഴിൽ മേഖലയിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ വനിതാ സാന്നിധ്യം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകൾ‌ക്ക് 31 ശതമാനം തൊഴിൽ പങ്കാളിത്തം ലഭിച്ചിട്ടുണ്ടെന്നും രാജ്യംകൈവരിച്ച വൻ‌ പുരോഗതിയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും അവർ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സ്ത്രീകൾ ഏറെ മുന്നിലാണ്.