ശിലാപാതിവ്രത്യം

സൗദി അറേബ്യയിലെ വാദി ദവാസ് അല്‍ഫാനൂസ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ പ്രശോഭ് കെ.ജി രചിച്ച കവിത

ശതസഹസ്രകമലങ്ങൾ പൂത്തൊരാ
ഭോഗസന്ധ്യ തൻ നിറമേതോ അറിവീല.
നഗ്നമാം നിൻ വികാരവർഷം അതിന്ത്രീയം.
പൂർണതയിൽ അലിയാനായുള്ളൊരു
തിടുക്കമോ തെല്ലുമേ തോന്നിയില്ല ഹാ..
നിമിഷങ്ങൾ വർഷങ്ങളാകാൻ കൊതിച്ചൊരാ നിമ്നോന്നതങ്ങൾ തൻ
മദിരോത്സവത്തിൽ നേരം തൂങ്ങിയാടി മൂകം.
സചിത്തത്തിൽ ഞാനാവാഹിച്ചൊരാ നിൻ വശ്യരൂപം അനർഘമായൊഴുകീ
ധമനികളിൽ ധാരയായി.
പതേ , നിൻ ചരണങ്ങൾ എന്നുമേ ഈയുള്ളോൾ
മനതാരിൽ വച്ചൊരാ സത്യമാം പ്രണയം.
അർപ്പിച്ചു ഞാനും നിനക്കെന്റെ കഠിനാഗ്നി
കറന്ന തീക്ഷ്ണമാം പാനവും.
ആ പാണിതലങ്ങളിൽ ആത്മാവമർന്നപ്പോൾ
ഞാനറിയാതെ പൂത്തൊരാ ചിന്തകൾ
നീയറിഞ്ഞീലയോ?? വേദന, വേദന. ഒടുവിലായ്
ശാപവചനങ്ങൾ നീട്ടിയെറിഞ്ഞപ്പോൾ
ശിലയായി സംവത്സരങ്ങളോ ഞാനും…
നിൻ രാഗലബ്ധിക്കു കാതോർക്കാം നാഥാ.

പവിത്രരാഗവും കാമവും നൽകി ഞാൻ
പത്നിയായ് നേദിച്ച വ്രതപുഷ്പമെല്ലാം
പതിച്ചതോ കൈവല്യജാരപാദത്തിലും.
ഞെരിഞ്ഞമർന്നോരെൻ ശുദ്ധപത്നീമനം.

വിധിയോ അതോ വികൽപ്പമാം കാലമോ
മടിയാതെ ഉരിയാടീ അഹല്യ എന്നെന്നെ.
ഗൗതമപത്നിയാം
നാരീരത്നമാം, ചിതറിത്തെറിച്ചൊരീ പാവം അഹല്യ.

രാമപാദസ്പർശേ മോക്ഷയായെങ്കിലും കാലം വേട്ടയാടാനായ് പൊതിഞ്ഞെടുത്ത നിറമന്യമായോരാ നിർജീവസിന്ദൂരം.
പൂക്കുവാനാകാതെ മുരടിച്ചു നാറുമീ
പാഴ്ചെടിയായോരാ പാതിവ്രത്യവും
സിരകളിലുറഞ്ഞോരെൻ മോഹാണുക്കളും
നീട്ടിയെറിയുന്നു ഞാൻ …. പതിവ്രതകളെ
തേടുന്ന ഭോഗാർത്തരാം പതികൾക്കായ്.