പലായനം

റംല എം ഇഖ്‌ബാൽ



ഉച്ചവെയിലിൻറെ തീക്ഷ്ണതയും വിശപ്പിന്റ തളർച്ചയും സഹിക്കാൻ വയ്യാതെ ആ മധ്യവയസ്‌കൻ തന്റെ ചുമലിൽ ഏറ്റിവന്ന സ്ത്രീയെ അടുത്തുകണ്ട മരച്ചുവട്ടിലെ തണലിൽ ഇറക്കിയിരുത്തി. ഒപ്പം ഉണ്ടായിരുന്ന ഒൻപതുവയസ്സുകാരൻ ചോട്ടുവിന്റെ വെയിലേറ്റു വാടിയ മുഖത്തേക്ക് നോക്കി തണലിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു. സ്വന്തം നെറ്റിയിലെ വിയർപ്പുകണങ്ങൾ തുടച്ചുകൊണ്ട്, ആ മണ്ണിൽ കാലുകൾനീട്ടി ആശ്വാസത്തോടെ ഇരിക്കുമ്പോൾ അയാൾപോലുമറിയാതെ തന്റെ കാണപ്പെട്ട ദൈവത്തിന്റെ നാമം ആ ചുണ്ടുകൾ ഉരുവിടുന്നുണ്ടായിരുന്നു.


ബോംബെയുടെ ദാരിദ്ര്യം വിട്ടുമാറാത്ത ഒരു തെരുവിൽ നിന്നും തുടങ്ങിയ യാത്രയാണ്.വ്യക്തമായ ലക്ഷ്യബോധത്തോടെയുളള യാത്ര.അതിനിടയിലുള്ള വിശപ്പും ക്ഷീണവുമൊന്നും അയാളുടെ തീരുമാനത്തിന് തടസ്സമായില്ല. യാത്രയുടെ ആരംഭത്തിൽ ആത്മരക്ഷക്കായി അയാൾ നൽകിയ വടിയിൽ ഓരോരോ അഭ്യാസങ്ങൾ കാണിച്ചുകൊണ്ട് വിശപ്പിനെ തോൽപിക്കാനുള്ള ശ്രമത്തിലായിരുന്നു ചോട്ടു.അവനും പതിയെ അമ്മക്കരുകിൽ സ്ഥലം പിടിച്ചു .

അല്പനേരത്തേക്കു മൂന്നുപേരും ഒന്നും സംസാരിച്ചില്ല. പിന്നെ തളർന്ന കാലുകൾ തടവിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ ആ സ്ത്രീ പറയാൻ തുടങ്ങി.. “ശാപം കിട്ടിയ ഈ രണ്ടുജന്മങ്ങളെ ഏറ്റെടുക്കുകവഴി നിങ്ങളും ദുരിതത്തിലായി അല്ലെ, ഞങ്ങൾ വരുന്നില്ല എന്ന് പറഞ്ഞതല്ലേ, രോഗം വന്നു മരിക്കുന്നെങ്കിൽ മരിക്കട്ടെ, ആർക്കും വേണ്ടാത്ത ഞങ്ങളെ എന്തിന് രക്ഷിക്കുന്നു.ഇത്രകാലം നോക്കിയതിനുള്ള പുണ്യംതീർച്ചയായും ഭഗവാൻ നിങ്ങള്ക്ക് തരും, ഇനിയെങ്കിലും സ്വന്തം ജീവിതം നോക്കിക്കൂടെ ? “
അമ്മയുടെ വാക്കുകൾ കേട്ട് ചോട്ടു ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ അയാളുടെ മുഖത്തേക്ക് നോക്കി, അയാളാകട്ടെ തന്നോടല്ല അവർ പറഞ്ഞത് എന്ന മട്ടിൽ കയ്യിൽ കരുതിയ വെള്ളം അല്പം മാത്രം കുടിച്ചു ബാക്കിയുള്ളത് അവർക്ക് നേരെ നീട്ടി. ചോട്ടു കൈനീട്ടി അതുവാങ്ങി ആർത്തിയോടെ കുടിക്കുമ്പോൾ ആ മാതൃഹൃദയത്തിന്റെ തേങ്ങൽ ഉയർന്നു. അയാൾ അവരെ ആശ്വസിപ്പിക്കും പോലെ കരയല്ലേ എന്ന് ആംഗ്യം കാണിച്ചു.
ഒരിക്കലും ഇവർ തനിക്ക് ഭാരമല്ല എന്ന് എത്ര പ്രാവശ്യം അറിയിച്ചിതാണ്,തെരുവിൽ ആരോരുമില്ലാതെ അലഞ്ഞ ഊമയായ തനിക്ക് ആരെങ്കിലും ഉണ്ടെന്ന തോന്നൽ ഉണ്ടാക്കിയവർ തനിക്കെങ്ങനെ ഭാരമാവും.? പ്രസവത്തോടെ തളർന്നുപോയ ശരീരം വേണ്ടെന്നുവെച്ച ഭർത്താവിനെയോർത്തു ഇനിയെന്തെന്നറിയാതെ അലമുറയിട്ടു കരഞ്ഞ അവരെയും ആ ചോരകുഞ്ഞിനെയും സർക്കാരാശുപത്രിയിലെ വരാന്തയിൽ നിന്നും ഏറ്റെടുത്തപ്പോൾ മുതൽ അവർ തനിക്ക് എല്ലാമായതാണ്. തന്റെ ജീവിതം ഇനി ഇവർക്കുള്ളതാണ്.
നഗരത്തിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന, ഇനിയും മരുന്ന് കണ്ടുപിടിക്കാത്ത മഹാരോഗത്തിൽ നിന്നും രക്ഷപെടാൻ സ്വന്തം നാട്ടിൽ എത്തുകയാണ്‌ നല്ലത് എന്ന് കടക്കാരൻ രത്തൻസിങ് പറഞ്ഞപ്പോൾ, രണ്ടാമതൊന്നു ചിന്തിക്കാതെ പുറപ്പെട്ടതാണ്, യാത്ര ഒരുപാട് ക്ലേശകരമാവും എന്ന് നന്നായി അറിയാമായിരുന്നു. ഒറ്റയ്ക്കൊരു രക്ഷപ്പെടൽ വേണ്ട എന്നും പോകുന്നെങ്കിൽ ഇവരുമുണ്ടാകും കൂടെ എന്നും ഉറപ്പിച്ചിരുന്നു. അങ്ങനെ സ്വന്തം ഗ്രാമത്തിലേക്കുള്ള യാത്രയുടെ പകുതിയിലാണ് തന്നെ വീണ്ടും പിന്തിരിപ്പിക്കാനുള്ള അവരുടെ ശ്രമം.അതിനുകാരണം അവരെ ചുമക്കുക വഴി എനിക്കുണ്ടാകുന്ന ബുദ്ധിമുട്ട്, അതാണ് അവരെ അലട്ടുന്നതെന്നറിയാം, പക്ഷെ അവർ അറിയുന്നില്ലല്ലോ തനിക്കിപ്പോൾ ഒറ്റയ്ക്കു നടക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസം, അവർ തന്റെ ചുമലിൽ ഇരിക്കാൻ തുടങ്ങിയിട്ട് ഒൻപതുവർഷത്തോളമായി. അവരുടെ ഭാരം തനിക്കിന്ന് ആശ്വാസവും ആത്മധൈര്യവുമാണ്, അവരില്ലാത്ത ദിവസങ്ങൾ ഓർക്കാനേ വയ്യ.ഇനിയൊരു പിൻവിളിയില്ല. മരണം വരെ ഒന്നിച്ചു തന്നെ, തന്നെ ഒരച്ഛനെപ്പോലെ കരുതി സ്നേഹിക്കുന്ന ചോട്ടുവിന്റെ തലമുടിയിൽ ഒന്ന് തഴുകി, അയാൾ അകലങ്ങളിലേക്ക് കണ്ണോടിച്ചു, കഴിക്കാൻ എന്തെങ്കിലും………
അല്പം റൊട്ടി കൊണ്ടുവന്നത് ഒന്നരദിവസത്തെ യാത്രയിൽ എപ്പോഴോ കഴിഞ്ഞിരിക്കുന്നു. വല്ല പഴങ്ങളോ മറ്റോ…… ഇല്ലാ.. മരുഭൂമിപോലെ കിടക്കുന്ന പ്രദേശം….. അങ്ങിങ്ങായി ഓരോ മരങ്ങൾ…. അയാൾ നിരാശയോടെ കണ്ണുകൾ പിൻവലിച്ചു. ഇതേ നടത്തം തുടർന്നാൽ നാളെ പുലർച്ചയോടെ ഗ്രാമത്തിലെത്താം..രണ്ടു ജീവനെ ദൈവം തന്നെഏല്പിച്ചിട്ടുണ്ട്, പോകണം, തളരരുത്,അവർക്കായി ക്ഷീണം മറക്കണം, വരാൻപോകുന്ന ജീവിതത്തിന്റെ പച്ചപ്പ്‌ മനസ്സിൽ വീണ്ടും സന്തോഷം പടർത്തിയപ്പോൾ അയാൾ വേഗം എഴുന്നേറ്റുനിന്നു.പോകാമെന്നു ആംഗ്യഭാഷയിൽ അവരെ അറിയിച്ചു, അവരാകട്ടെ പഴകിക്കീറിയ തന്റെ സാരിത്തുമ്പിൽ കണ്ണീർ തുടക്കുകയായിരുന്നു, ആ സ്ത്രീയെ ചുമലിൽ ഇരുത്താനായി കൈകൾ താഴ്ത്തി,അവർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. അയാൾ അമ്മയെ എടുക്കുന്നത് നോക്കിനിന്ന ചോട്ടുവിന്റെ മുടിയിഴകളെ തഴുകി പ്രത്യാശയുടെ സുഖമുള്ള ഒരു കാറ്റ് വീശി.തളർച്ച മറന്ന്‌ തന്റെ വിശപ്പ് മറക്കാൻ സഹായിക്കുന്ന വടിയുമെടുത്തു അവനും യാത്ര തുടരാൻ തയ്യാറായിനിന്നു.