മടങ്ങിപ്പോകാനാകാത്ത പ്രവാസികൾക്ക് 5000 രൂപ വീതം

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നാട്ടിൽ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിൽ നിന്ന് 50 കോടി രൂപ നോർക്ക റൂട്ട്‌സിന് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ നൽകിയ 8.5 കോടി രൂപയ്ക്കു പുറമെയാണിത്.

കോവിഡ് പ്രതിരോധ പ്രവർത്തനം നിർവഹിക്കുന്ന എൻഎച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാൽ എൻഎച്ച്എമ്മിൻറെ കീഴിൽ കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകും. ഇൻസെൻറീവും റിസ്‌ക് അലവൻസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാധ്യതയായി അനുവദിക്കും. മെഡിക്കൽ ഓഫീസർ, സ്‌പെഷ്യലിസ്റ്റ് എന്നിവരടക്കമുള്ളവർ ഗ്രേഡ് ഒന്നിലായിരിക്കും. ഇവരുടെ വേതനം കുറഞ്ഞത് 40,000 എന്നത് 50,000മാക്കി ഉയർത്തും. 20 ശതമാനം റിസ്‌ക് അലവൻസും അനുവദിക്കും.സീനിയർ കൺസൾട്ടൻറ്, ഡെൻറൽ സർജൻ, ആയുഷ് ഡോക്ടർമാർ തുടങ്ങിയവർ അടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് 20 ശതമാനം റിസ്‌ക് അലവൻസ് അനുവദിക്കും.

മൂന്നാമത്തെ വിഭാഗത്തിൽ സ്റ്റാഫ് നഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഫാർമസിസ്റ്റ്, ടെക്‌നീഷ്യൻ തുടങ്ങിയവരാണുള്ളത്. ഇവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയർത്തും. 25 ശതമാനം റിസ്‌ക് അലവൻസും അനുവദിക്കും. ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാർക്ക് ദിവസവേതനത്തിനു പുറമെ 30 ശതമാനം റിസ്‌ക് അലവൻസ് അനുവദിക്കും.

കോവിഡ് പ്രവർത്തനങ്ങളുടെ നടത്തിപ്പിന് അധിക ജീവനക്കാർ ഉണ്ടെങ്കിൽ, ഇൻസെൻറീവും റിസ്‌ക് അലവൻസും പുതുതായി നിയമിക്കപ്പെടുന്ന എല്ലാ ജീവനക്കാർക്കും ലഭ്യമാക്കും. വിവിധ രോഗങ്ങൾക്കുള്ള കോവിഡ് ഹെൽത്ത് പോളിസി പാക്കേജുകൾ കെഎഎസ്പി സ്‌കീമിൻറെ പരിധിയിൽ വരാത്ത ജീവനക്കാർക്കും നൽകും. കോവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങൾക്കും മുഖ്യമന്ത്രിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here