പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് -19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കും. 15000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
ക്ഷേമനിധിയില്‍ അംഗങ്ങളായ കോവിഡ് 19 പോസിറ്റീവായ എല്ലാവര്‍ക്കും 15000 രൂപ വീതം അടിയന്തരസഹായം നല്‍കും. ക്ഷേമനിധി ബോര്‍ഡിന്റെ തനത് ഫണ്ടില്‍നിന്നാണ് ഇത് ലഭ്യമാക്കുക.
2020 ജനുവരി ഒന്നിന് ശേഷം വാലിഡായ പാസ്പോര്‍ട്ട്, തൊഴില്‍ വിസ എന്നിവയുമായി വിദേശരാജ്യങ്ങളില്‍നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്കും ലോക്ക്ഡൗണ്‍ കാലയളവില്‍ വിസ കാലാവധി തീര്‍ന്നവര്‍ക്കും 5000 രൂപ അടിയന്തര സഹായം നോര്‍ക്ക നല്‍കും. സാന്ത്വന ചികിത്സാ രോഗങ്ങളുടെ പട്ടികയില്‍ കോവിഡ് 19 നെ ഉള്‍പ്പെടുത്തും. ഇതിലൂടെ ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത കോവിഡ് പോസിറ്റീവായ പ്രവാസികള്‍ക്ക് 10000 രൂപ സഹായം നല്‍കും.
പ്രവാസികളുടെ പ്രയാസങ്ങള്‍ എല്ലാവരിലും വലിയ വിഷമം ഉണ്ടാക്കുന്നതായും പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയുള്ളവരാണ് നമ്മളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നിച്ചുനിന്ന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുക എന്നതാണ് മുന്നിലുള്ള വഴി. പ്രവാസലോകത്തെ എല്ലാപ്രശ്നങ്ങളും കേന്ദ്രത്തിന്റെയും എംബസിയുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പ്രവാസലോകത്തെ വ്യക്തിത്വങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.
ഓരോരുത്തരും പൂര്‍ണമനസോടെ പങ്കാളികളാകേണ്ട യജ്ഞമാണിത്. എല്ലാ ഭിന്നതകളും നമ്മള്‍ മാറ്റിവെക്കേണ്ടതുണ്ട്. പ്രവാസികള്‍ക്കായുള്ള സാധ്യമായ ഇടപെടല്‍ നടത്താന്‍ നോര്‍ക്കയും സര്‍ക്കാരും ജാഗരൂഗരായി നില്‍ക്കുന്നു. നാം ഈ കാലത്തെ അതിജീവിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ സ്വന്തം നാട്ടിലേക്ക് എത്താന്‍ സാധിക്കാതെ മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
ഒരോ രാജ്യത്തെയും ലേബര്‍ ക്യാമ്പുകളെ ശ്രദ്ധിക്കണം. അതത് രാജ്യങ്ങളിലെ സര്‍ക്കാറുകളുമായി ചേര്‍ന്ന് പ്രത്യേ കമ്മിറ്റികളുണ്ടാക്കണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ വെച്ച എംബസി ബുള്ളറ്റിനുകള്‍ ഇറക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വിസിറ്റിങ്, ഹൃസ്വകാല വിസകളില്‍ പോയി വിദേശത്ത് കുടുങ്ങിയവരെ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പ്രവാസികളെ എക്കാലത്തും യുഎഇ ഭരണാധികാരികള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചിട്ടുള്ളവരാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഈ രോഗ കാലത്തും സ്വദേശി- വിദേശി വ്യത്യാസമില്ലാതെ അവര്‍ ഇടപെടുകയാണെന്നും പ്രവാസികള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഭരണാധികാരികളെ കേരളം പ്രത്യേക നിലയില്‍ തന്നെ കാണുകയാണെന്നും വാര്‍ത്താസമ്മേളത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ് ഡെസ്‌ക്ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍, ഒമാന്‍, സൌദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളിലും യു.കെ, ഇന്തോനേഷ്യ, മൊസാമ്പിക് എന്നിവിടങ്ങളിലും നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാരം കാണുകയുമാണ് ഈ ഹെല്‍പ് ഡെസ്‌ക്കുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
യുഎഇയില്‍ അസുഖമുള്ളവരെ ആശുപത്രിയിലെത്തിക്കുന്നുണ്ട്. ആവശ്യക്കാരായ മലയാളികള്‍ക്ക് ആഹാരം നല്‍കുന്നത് ഇന്നും തുടര്‍ന്നു. ഓരോ പ്രദേശത്തുമുള്ള എല്ലാ സംഘനകളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടാണ് ഇവ നടത്തുന്നത്. നിരവധി സംഘടനകളും പ്രാദേശിക കൂട്ടായ്മകളും സന്നദ്ധ സംഘടനകളുമെല്ലാം ഒരുമയോടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. അവരെയെല്ലാം സംസ്ഥാനത്തിനുവേണ്ടി അഭിനന്ദിക്കുന്നു. അവരുടെ സഹായത്തോടെ യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ ക്വാറന്റൈന്‍ സൌകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.
കൊവിഡ് പോസിറ്റീവായ എല്ലാവരെയും ക്വാറന്റൈനില്‍ സംരക്ഷിക്കുന്നതിനും എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതിനും സംവിധാനമായിട്ടുണ്ടെന്ന് യുഎഇ കോണ്‍സുല്‍ ജനറലുമായി ഇന്ന് നടന്ന ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്. ഭക്ഷണം ലഭ്യമാക്കാനുള്ള സന്നദ്ധത പലരും ഹെല്‍പ് ഡെസ്‌ക്കുകളില്‍ അറിയിക്കുന്നുണ്ട്. ഓരോ പ്രദേശത്തുമുള്ള ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തകര്‍ വാട്‌സ്ആപ് കൂട്ടായ്മകളുണ്ടാക്കുകയും ആവശ്യങ്ങള്‍ പരസ്പരം അറിയിച്ച് പരിഹാരം തേടുകയും ചെയ്യുന്നു. അതിരാവിലെ മുതല്‍ പാതിരാത്രി വരെ ഫോണ്‍ കോളുകള്‍ വരുന്നതിനാല്‍ ചിലര്‍ക്ക് ലൈന്‍ കിട്ടാതെ വരുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിരവധി പരിമിതികളുണ്ടെന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.