തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി റദ്ദാക്കിയ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വിമാനക്കമ്പനികള്‍ വന്‍തുക ഈടാക്കുന്നതായി വ്യാപക പരാതി. രാജ്യമാകെ ലോക്ക്ഡൗണ്‍ നടപ്പായതിനെ തുടര്‍ന്നാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ നിലച്ചത്. എന്നിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അടിയന്തര സാഹചര്യത്തില്‍ തിരിച്ചുപോരാന്‍ വിമാന ടിക്കറ്റെടുത്തവരെ ഊറ്റുകയാണ് സ്വകാര്യ വിമാനക്കമ്പനികള്‍. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.
ബംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് ഗോ എയര്‍ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തയാള്‍ ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ ടിക്കറ്റ് നിരക്ക് ഏതാണ്ട് മുഴുവനായും ക്യാന്‍സലേഷന്‍ ഇനത്തില്‍ വാങ്ങി. ഏപ്രില്‍ എട്ടിന് തിരിക്കേണ്ട വിമാനത്തില്‍ 2394 രൂപയാണ് ടിക്കറ്റിന് ഈടാക്കിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ബുധനാഴ്ച ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ ക്യാന്‍സലേഷന്‍ ഇനത്തില്‍ 1909 രൂപ പിടിച്ചു. മറ്റു ചാര്‍ജുകളും ഈടാക്കിയശേഷം തിരികെ നല്‍കിയത് 200 രൂപ മാത്രം. വേണമെങ്കില്‍ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാമെന്നാണ് വിമാനക്കമ്പനിയുടെ വാഗ്ദാനം. ഇതിന് കൂടുതല്‍ തുക നല്‍കേണ്ട. ടിക്കറ്റ് റദ്ദാക്കിയാല്‍ ടിക്കറ്റ് നിരക്കും മറ്റു ചാര്‍ജുകളും ഉള്‍പ്പെടെ പിടിക്കുമെന്നും കമ്പനി പറയുന്നു. മറ്റൊരു തീയതിയിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്നു പറയുമ്പോള്‍ മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ കഴിഞ്ഞുള്ള തീയതിയാണ് വിമാനക്കമ്പനികള്‍ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 21 ദിവസത്തിനുശേഷവും യാത്ര ചെയ്യാനാകുമോയെന്ന് ഉറപ്പില്ല.
കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികളടക്കം ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെപ്പേര്‍ വിമാന സര്‍വീസ് നിര്‍ത്തിയ സാഹചര്യത്തിലാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തത്. അസാധാരണ സാഹചര്യത്തില്‍ നിവൃത്തിയില്ലാതെ യാത്ര റദ്ദാക്കേണ്ടിവന്നവരെയാണ്, സാധാരണ ടിക്കറ്റ് ക്യാന്‍സലേഷന് ചെയ്യാറുള്ളതുപോലെ പണം ഈടാക്കി വിമാനക്കമ്പനികള്‍ പിഴിയുന്നത്.