കുതിച്ചുപായുന്നു, ഇത്തിഹാദ് റെയ്‌ൽ നിർമാണം

അബുദാബി: യുഎഇയുടെ വികസനക്കുതിപ്പിന്‍റെ ചാലകശക്തിയായ ഇത്തിഹാദ് റെയ്ൽ പുതിയഘട്ടത്തിലേക്ക്. രണ്ടാംഘട്ടം (സ്റ്റേജ്2) നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റുവൈസ് മുതൽ യുഎഇ- സൗദി അതിർത്തിയായ ഗുവൈഫാത് വരെയുള്ള 139 കിലോമീറ്ററിന്‍റെ ആദ്യ ഭാഗത്ത് (എ) ട്രാക്ക് സ്ഥാപിക്കുന്നതിന് വ്യാഴാഴ്ച തുടക്കം കുറിച്ചു. എമിറേറ്റ്സ് റെഡ് ക്രസന്‍റ് ചെയർമാൻ ഷെയ്ഖ് ഹംദാന് ബിൻ സായിദ് അൽ നഹ്യാൻ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 1200 കിലോമീറ്റർ ദൈർഘ്യമുള്ള റെയ്‌ലിന്‍റെ ആദ്യഘട്ടം 2016ൽ പൂർത്തിയാക്കിയിരുന്നു. ഇതിഹാദ് റെയ്‌ൽ പദ്ധതി പൂർത്തിയാകുന്നതോടെ യുഎഇയുടെ സാമ്പത്തിക, സാമൂഹിക പരിസ്ഥിതി, വിനോദസഞ്ചാര രംഗങ്ങളിൽ വൻ കുതിപ്പുണ്ടാകും. യാത്ര- ചരക്കു നീക്ക മേഖലയിൽ വൻ മാറ്റമുണ്ടാക്കാൻ പദ്ധതികൊണ്ടാകും. ജിസിസി റെയ്‌ൽ എന്ന സ്വപ്നപദ്ധതിയിലേക്കുള്ള ചുവടുവയ്പ്പുകൂടിയാകും ഇത്. 4000 കോടി ദിർഹം ചെലവിലാണ് ഇത്തിഹാദ് റെയ്‌ൽ. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം ആറു കോടി ടൺ ചരക്കു നീക്കം ലക്ഷ്യമിടുന്നു. 5600 ട്രക്കുകൾ ദിവസേന കൊണ്ടു പോകുന്ന ചരക്കുകൾ ഒരു ട്രെയ്നിൽ കയറ്റാനാകും.

ഒമ്പതു സ്റ്റേഷനുകളാണ് പദ്ധതിയിലുണ്ടാകുക. ചരക്കു നീക്കിത്തിനാണ് ഇപ്പോൾ മുൻതൂക്കം നൽകുന്നതെങ്കിലും ഭാവിയിൽ യാത്രാ ട്രെയ്നുകളിലേക്കും മാറും. 605 കിലോമീറ്ററിൽ രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ യുഎഇ- സൗദി റെയ്‌ൽ ബന്ധം സ്ഥാപിക്കാനാകും.