തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് വെള്ളനാട് ഡിവിഷനിൽ ഒഴിവുവന്ന സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റും അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയുമായ
വി. ആർ. പ്രതാപനെ സ്ഥാനാർത്ഥിയായി ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചതായി ഡിസിസി പ്രസിഡൻറ് പാലോട് രവി അറിയിച്ചു.
വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ സംഘടനാ രംഗത്തേക്ക് വന്ന പ്രതാപൻ പെരിങ്ങമ്മല ഇഖ്ബാൽ കോളജിലെ കെഎസ് യു യൂണിറ്റ് പ്രസിഡൻ്റും മാഗസിൻ എഡിറ്ററും തുടർന്ന് കെഎസ്യു നെടുമങ്ങാട് താലൂക്ക് പ്രസിഡന്റുമായാണ് പൊതുപ്രവർത്തനമാരംഭിക്കുന്നത്.
ടൂറിസം വികസന കോർപ്പറേഷൻ, ബ്രഹ്മോസ് ഏറോസ്പേസ്, ഹിന്ദുസ്ഥാൻ ലാറ്റക്സ്, കൈത്തറി വികസന കോർപ്പറേഷൻ, സി -ആപ്റ്റ്
കെപ്കോ , ഗവൺമെൻറ് പ്രസ്സ് , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി 14 പൊതുമേഖലാ സ്ഥാപനങ്ങളിലെയും തൊഴിലുറപ്പ് തൊഴിലാളി, ഹരിതകർമ്മസേന, ചുമട്ടുതൊഴിലാളി യൂണിയൻ, പാരമ്പര്യ വൈദ്യ തൊഴിലാളി യൂണിയൻ, കരകൗശല തൊഴിലാളി യൂണിയൻ, നിർമ്മാണ തൊഴിലാളി യൂണിയൻ, ഓട്ടോ – ടാക്സി ലോബർ യൂണിയൻ , പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ തുടങ്ങി ഇരുപതിലേറെ അസംഘടിത തൊഴിലാളി സംഘടനകളുടെയും നേതൃത്വം വഹിക്കുന്നു.
കെപിസിസിയുടെ കലാസാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസിയുടെ നാടകസമിതിയായ സാഹിതി തിയറ്റേഴ്സിൻ്റെ സെക്രട്ടറിയുമാണ്.
കേരള സംഗീത നാടക അക്കാദമിയിലും അസംഘടിത തൊഴിലാളി സംസ്ഥാന ബോർഡിലും കേന്ദ്ര ഗവൺമെന്റിന്റെ കൈത്തറി ഉപദേശക സമിതിയിലും അംഗമായിരുന്ന വി.ആർ. പ്രതാപൻ തുടർച്ചയായി 15 വർഷം പൂവച്ചൽ റസിഡൻ്റസ് അസോസിയേഷൻ പ്രസിഡൻ്റും 10 വർഷം റസിഡൻ്റസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സംഘത്തിൻ്റെ പ്രസിഡൻ്റുമായിരുന്നു.
നിലവിൽ സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമ ബോർഡ് അംഗവും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് അംഗവുമാണ് . ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ പ്രതിമാസ പ്രസിദ്ധീകരണമായ ഇന്ത്യൻ തൊഴിലാളി മാസികയുടെ പത്രാധിപരാധിയും പ്രവർത്തിക്കുന്നു.