ജസാൻ: തെക്കു പടിഞ്ഞാറൻ സൗദി നഗരം ജസാനിലുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ അഞ്ചു പേർക്കു പരുക്കേറ്റു. യെമനിൽനിന്നു വിക്ഷേപിച്ച മിസൈൽ പതിച്ച് വാഹനങ്ങൾക്കും കടകൾക്കും കേടുപറ്റി. സിവിൽ ഡിഫൻസ് ഡയറക്റ്ററേറ്റ് മാധ്യമ വക്താവ് കേണൽ മുഹമ്മദ് ബിൻ യഹ്യ അൽ ഗാംദി ആക്രമണം സ്ഥിരീകരിച്ചതായി ദേശീയ വാർത്താ ഏജൻസി.
മിസൈൽ ആക്രമണത്തിൽ പരുക്കേറ്റവരിൽ മൂന്നു സ്വദേശികളും രണ്ടു യെമൻ പൗരന്മാരും ഉൾപ്പെടും. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിസൈലിന്റെ ചിതറിയ ഭാഗങ്ങൾ പതി്ച് രണ്ടു വീടുകൾ, പലചരക്ക് കട, മൂന്നു വാഹനങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയ്ക്ക് കേടുപാട് സംഭവിച്ചു.
അടുത്തിടെയായി സൗദിയെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾ വർധിച്ചിരുന്നു. ഡ്രോൺ ആക്രമണശ്രമങ്ങളെ അറബ് സഖ്യ സേന നിർവീര്യമാക്കിയതിനു പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.