വാക്സിനെടുക്കാൻ ആഹ്വാനവുമായി ഭരണാധികാരികൾ

അബുദാബി: കോവിഡ് പ്രതിരോധ വാക്സിൻ എല്ലാവരുമെടുക്കണമെന്ന് യുഎഇ ഭരണാധികാരികൾ. വൈറസിനെ പ്രതിരോധിക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ വാക്സിൻ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബൻ റാഷിദ് അൽ മകതൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പറഞ്ഞു.

കുത്തിവയ്പ്പെടുക്കുന്നതിലൂടെ ആരോഗ്യവും സമ്പത്തും മറ്റു നേട്ടങ്ങളുമെല്ലാം സംരക്ഷിക്കാൻ കഴിയുമെന്ന് ഷെയ്ഖ് മക്തൂം ട്വീറ്റ് ചെയ്തു. ഇതുവരെ വാക്സിൻ സ്വീകരിച്ച 1275000 പേർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

24 മണിക്കൂറിനിടെ യുഎഇയിൽ 108000 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. വൈറസിനെതിരേയുള്ള രാജ്യത്തിന്‍റെ ശക്തമായ പോരാട്ടമാണ് ഇത് സൂചിപ്പിക്കുന്നത്. ജനസംഖ്യയുടെ 50 ശതമാനം പേരിലേക്കും ഇത് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വാക്സിൻ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്.