എ. സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം.
മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുന്‍ എംപി എ സമ്പത്തിനെ മാറ്റി. മന്ത്രിയുടെ ആവശ്യ പ്രകാരമാണ് സമ്പത്തിനെ മാറ്റിയത്. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള സമ്പത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.

കെജിഒഎ നേതാവായിരുന്ന ശിവകുമാര്‍ ആണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. കേളാ ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ നേതാവാണ് കെ ശിവകുമാര്‍. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി ടികെ രാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി കെ ശിവകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2021 ജൂലൈയിലാണ് എ സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. അതിനു മുമ്പ് ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു.

മൂന്ന് തവണ ആറ്റിങ്ങല്‍ എംപിയായിരുന്ന എ സമ്പത്ത് 2019 ലെ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനോട് തോറ്റിരുന്നു. തുടര്‍ന്ന് ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയായി പോയ അദ്ദേഹം ഇടതുമുന്നണിക്ക് തുടര്‍ഭരണം കിട്ടിയതോടെയാണ് തിരികെ കേരളത്തിലേക്ക് വന്നത്. മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമനം കിട്ടിയത്.

എന്നാല്‍ ഡല്‍ഹിയില്‍ 7.26 കോടി രൂപ സര്‍ക്കാര്‍ പണം ചെലവാക്കിയതും, പാര്‍ട്ടിയില്‍ സജീവമല്ലാത്തതും എ സമ്പത്തിന് തിരിച്ചടിയായി. ജില്ലാ കമ്മിറ്റിയംഗമായിരുന്ന സമ്പത്തിനെ 2022 ല്‍ പാര്‍ട്ടി പ്രവര്‍ത്തനം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി തരംതാഴ്ത്തിയിരുന്നു. ഇതിന് ശേഷമാണ് മന്ത്രിയും പിഎസും തമ്മില്‍ ഭിന്നതയുണ്ടായതും.