പൊലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന പരാതിയിൽ 2 ദിവസത്തിനകം നടപടി

പോത്തൻകോട് ∙ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് മാങ്ങ വാങ്ങി പണം നൽകാതെ പൊലീസുകാരൻ മുങ്ങിയെന്ന പരാതിയിൽ 2 ദിവസത്തിനകം നടപടികളുണ്ടാകുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി കെ.ബൈജുകുമാർ പറഞ്ഞു. സംഭവം വിവാദമായതോടെ റൂറൽ എസ്പി ഡി. ശിൽപ നെടുമങ്ങാട് ഡിവൈഎസ്പിയോട് ഉടൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
2 ദിവസം മുൻപ് പോത്തൻകോട് സ്റ്റേഷനിൽ വച്ചു നടത്തിയ തിരിച്ചറിയൽ പരേഡിൽ കടയുടമ ജി.മുരളീധരൻ നായർ ഒരു പൊലീസുകാരനെ തിരിച്ചറിഞ്ഞതായി പറയുന്നു. അതേസമയം കടയുടമ പറയുന്ന ദിവസം സംബന്ധിച്ച അവ്യക്തത നീക്കണമെന്നും ഡിവൈഎസ്പി പറഞ്ഞു. കഴിഞ്ഞ മാസം 18 നോ 19നോ ആണ് കാക്കി പാന്റ്സ് ധരിച്ചയാൾ പൊലീസുകാരനെന്നു പറഞ്ഞ് 5 കിലോ മാങ്ങ വാങ്ങി മടങ്ങിയതെന്നാണ് കടയുടമ നൽകിയിട്ടുള്ള മൊഴി.

രണ്ടാഴ്ചയ്ക്കു ശേഷമാണ് പോത്തൻകോട് സിഐയോട് ഇയാൾ വിവരം അറിയിച്ചത്. പൊലീസുകാരെ കടയിൽ കൊണ്ടുപോയപ്പോഴും തിരിച്ചറിയൽ പരേഡ് നടത്തിയപ്പോഴും ഒരു പൊലീസുകാരനെയാണ് ചൂണ്ടിക്കാണിച്ചത്. സാക്ഷികളായെത്തിയവരും അത് ശരിവയ്ക്കുകയായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ മാങ്ങ മോഷണം നടത്തി പൊലീസുകാരന്റെ പിരിച്ചു വിടലിന് ഇടയാക്കിയത് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയിരുന്നു.