മിനിസ്ട്രിയുടെ അനുമതിയില്ല; വിധുപ്രതാപിന്റെ റിയാദിലെ പരിപാടി മാറ്റിവെച്ചു

റിയാദ്: മലയാളി പിന്നണിഗായകന്‍ വിധുപ്രതാപിന്റെ നേതൃത്വത്തിലുള്ള റിയാദിലെ ഗാനമേള മാറ്റിവെച്ചു. ഈ മാസം 17ന് റിയാദ് തുമാമയില്‍ വെച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ റിയാദ് നൈറ്റ് കാര്‍ണിവലാണ് മാറ്റിവെച്ചത്. സൗദി എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയുടെ അനുമതിയില്ലാത്തതിനാല്‍ പരിപാടി മുടങ്ങുമെന്നതിനാലാണ് മാറ്റിവെച്ചത്.
കഴിഞ്ഞ ദിവസം ജിദ്ദയില്‍ മലയാളികള്‍ സംഘടിപ്പിച്ച വിധുപ്രതാപിന്റെ നേതൃത്വത്തിലുള്ള ഗാനപരിപാടി അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് മുടങ്ങിയിരുന്നു. അനുമതി വാങ്ങാതെ 2,000ത്തോളം ആളുകളെ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഇവന്റ് തുടങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ സൗദി എന്റര്‍ടെയ്‌മെന്റ് അതോറിറ്റിയിലെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിപാടി നിര്‍ത്തിവെപ്പിക്കുകയായിരുന്നു.
എന്റര്‍ടെയ്മന്റ് അതോറിറ്റിയില്‍ നിന്നും അനുമതി എടുക്കാതെ ഇത്തരം പരിപാടികള്‍ അനുവദിക്കാനാവില്ലെന്ന് അറിയിച്ച അവര്‍ സംഘാടകരില്‍ ഒരാളോട് പിറ്റേദിവസം രഹസ്യാന്വേഷണ വിഭാഗം ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം എത്തിയ സംഘാടകനോട് അനുമതിയില്ലാതെ പരിപാടി നടത്തിയാലുണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ചു ബോധ്യപ്പെടുത്തുകയും ഇനി ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പു നല്‍കി പറഞ്ഞുവിടുകയുമായിരുന്നു. അതേസമയം അനുമതി വാങ്ങാനുള്ള ശ്രമം ആരംഭിച്ചു.