ആസ്ട്രസെനീക്ക വാക്സിൻ സുരക്ഷിതമെന്ന് ലോകാരോഗ്യസംഘടന

ജനീവ: യുകെ ആസ്ഥാനമായുള്ള ആസ്ട്രസെനീക്ക വാക്സിൻ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന. രക്തം കട്ടപിടിക്കുന്നതായുള്ള ആശങ്ക പരന്നതിനെത്തുടർന്ന് വിവിധ രാജ്യങ്ങൾ ഈ വാക്സിൻ ഉപയോഗിക്കുന്നതിൽനിന്ന് പിൻമാറിയ സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ അറിയിപ്പ്. വാക്സിൻ ഉപയോഗിക്കുന്നവർക്ക് പലതരത്തിലുള്ള അലർജിയും മറ്റു പാർശ്വഫലങ്ങളും ഉണ്ടാകുന്നതായി ആരോപണമുയർന്നിരുന്നു.

അതേസമയം, തങ്ങളുടെ വാക്സിൻ ഉപദേശകസംഘം ഇതെക്കുറിച്ചു വ്യക്തമായി പഠിച്ചുവരുകയാണെന്നും സുരക്ഷാ സംബന്ധമായ പ്രശ്നങ്ങൾ ഇതുവരെ കണ്ടെത്തിയില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. രക്തംകട്ട പിടിക്കുന്നതും ആസ്ട്ര സെനീക്ക വാക്സിനും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ല.

മറ്റു വാക്സിനുകൾ പോലെ തന്നെ മികച്ച ഫലമാണ് ആസ്ട്രസെനീക്കയ്ക്കുള്ളതന്ന് ഡബ്ല്യുഎച്ച്ഒ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. വാക്സിൻ ഉപയോഗിക്കുന്നതു തുടരുമെന്നും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ കൂടുതൽ പഠനം നടത്തുമെന്നും അവർ പറഞ്ഞു.