മിനിമം വേതന നിമയം : ലംഘിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴ

ദോഹ: തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പുതിയ തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴയും ഒരു വര്‍ഷം വരെ തടവും. മുന്‍പ് 6000 റിയാല്‍ പിഴയും ഒരു മാസം വരെ തടവുമായിരുന്നു ശിക്ഷ.

ഇതിനായി നിയോഗിക്കപ്പെട്ട പ്രത്യേക സമിതിയും ഗവേഷണ കേന്ദ്രങ്ങളും ചേര്‍ന്ന് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമം രൂപപ്പെടുത്തിയത്. പുതിയ നിയമപ്രകാരം അടിസ്ഥാന വേതനം ആയിരം റിയാലാണ്. താമസസൗകര്യവും ഭക്ഷണവും നല്‍കുന്നില്ലെങ്കില്‍ ഹൗസിങ് അലവന്‍സായി 500 റിയാലും ഫുഡ് അലവന്‍സായി 300 റിയാലും നല്‍കണം. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറുമാസം പിന്നിടുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. മിനിമം വേതനത്തില്‍ കൂടുതല്‍ ലഭിക്കുന്നവരെ പുതിയ നിയമം ബാധിക്കുകയില്ല. മിനിമം വേതനം ആവശ്യാനുസരണം പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപീകരിക്കും.