ദുബായ്: എമിറേറ്റ് വിമാനങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ സ്ഥലവും സ്വകാര്യതയും ലഭിക്കുന്നതിനായി ഒഴിഞ്ഞ മൂന്നു സീറ്റുകൾ വരെ ഉപയോഗിക്കാം. സ്ഥിരീകരിച്ച ടിക്കറ്റുള്ള എക്കണോമി ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ലഭിക്കുക. അതേസമയം, കാലി സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകില്ല.
സീറ്റ് ലഭ്യതയ്ക്കനുസരിച്ച് വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിലാണ് ഒഴിഞ്ഞ സീറ്റുകൾ ലഭിക്കുക. 200- 600 ദിർഹമാണ് അധിക സീറ്റിനു നൽകേണ്ടി വരുക. ഇതു കൂടാതെ മറ്റു നികുതികളും നൽകേണ്ടി വരും.
യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഒഴിഞ്ഞ സീറ്റുകൾ നൽകുന്നതെന്ന് എമിറേറ്റ്സ് അധികൃതർ. എക്കണോമി ക്ലാസിൽ സഞ്ചരിക്കുമ്പോൾ കൂടുതൽ സ്ഥലവും സ്വകാര്യതയും ലഭിക്കാൻ നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. ദമ്പതിമാരായ യാത്രക്കാരും കുട്ടികളുമായു യാത്രചെയ്യുന്നവരുമാണ് ഇതിൽ ഏറെയും.