യുഎഇയിൽ കോവിഡ് നിരക്ക് ഉയരുന്നു; മരണനിരക്ക് താഴ്ന്ന് സൗദി

റിയാദ്, ദുബായ്: വകഭേദം വന്ന കോവിഡ്- 19 ലോകത്താകമാനം ആശങ്കയുയർത്തുന്നതിനിടെ, യുഎഇയിൽ രോഗവ്യാപന നിരക്ക് ഉയരുന്നു. പുതുതായി 2,988 പേർക്കുകൂടി ഇന്നലെ കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. വ്യാഴാഴ്ച അഞ്ചുപേർ മരിക്കുകയുമുണ്ടായി. ചികിത്സയിലായിരുന്ന 3,658 പേർ രോഗമുക്തി നേടി. 1,63,100 കോവിഡ് പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അതേസമയം, സൗദിയിൽ കോവിഡ് ബാധിച്ചുള്ളവരുടെ പ്രതിദിന മരണനിരക്ക് വീണ്ടും കുറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആറു പേരാണ് വ്യാഴാഴ്ച മരിച്ചത്. 108 പേർക്ക് പുതുതായി രോഗംസ്ഥിരീകരിച്ചു. 138 പേർ രോഗമുക്തരായി. ഇതോടെ, രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363485 ഉം രോഗമുക്തരുടെ എണ്ണം 355037 ഉം ആയി. മരണസംഖ്യ 6278 ആയി ഉയർന്നു. കോവിഡ് മുക്തി നിരക്ക് 97.7 ശതമാനം. മരണനിരക്ക് 1.7 ശതമാനം.

യുഎഇയിൽ ആകെ 2,21,754 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 1,99,178 പേരും രോഗമുക്തി നേടി. ആകെ മരണം 694 . ചികിത്സയിലുള്ളത് 21,882 പേർ. 2.2 കോടിയിലേറെ പരിശോധനകൾ ഇതുവരെ പൂർത്തിയായി.

ഒമാനിൽ 182 പേർക്കുകൂടി രോഗം കണ്ടെത്തി. ആകെ രോഗികൾ 1,30,007 ആയി. ഒരു മരണം കൂടി. ആകെ മരണം 1,505 . 100 പേർകൂടി രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 1,22,556 ആയി. 69 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 29 പേർ തീവ്ര പരിചരണ വിഭാഗത്തിൽ.

ഖത്തറിൽ 210 പേർക്കുകൂടി കോവിഡ്. 132 പേർ സുഖംപ്രാപിച്ചു. 2,712 പേർ ചികിത്സയിലുണ്ട്. ആകെ കോവിഡ് മുക്തർ 1,42,314 ആയി. ആകെ വൈറസ് ബാധിതർ 1,45,271 ആണ്. മരണം 245 ആയി.

കുവൈത്തിൽ 540 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതർ 1,52,978 ആയി. 224 പേർകൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി 1,48,239 ആയി. പുതിയ മരണങ്ങളില്ല. ആകെ മരണം 938. നിലവിൽ 3801 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 55 പേരുടെ നില ഗുരുതരമാണ്

ബഹ്റൈനിൽ 289 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2,500 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ആകെ രോഗമുക്തി 91,431 ആണ്. പുതിയ മരണങ്ങളില്ല.