ഖത്തറില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സാവകാശം ജൂലൈ ഒന്ന് വരെ നീട്ടി

ദോഹ: ഖത്തറില്‍ പഴയ നോട്ടുകള്‍ നിര്‍ത്തലാക്കിയതിന്റെ ഭാഗമായി പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം സെന്‍ട്രല്‍ ബാങ്ക് നീട്ടി നല്‍കി. ജൂലൈ ഒന്ന് വരെ ജനങ്ങള്‍ക്ക് പഴയ ഖത്തര്‍ റിയാല്‍ ഉപയോഗിക്കാം. അതിന് ശേഷം പഴയ നോട്ടുകള്‍ കയ്യില്‍ വെക്കുന്നത് നിയമവിരുദ്ധമാകും. അതിനാല്‍ ജൂലൈ ഒന്നിനകം ജനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ മാറി പുതിയത് സ്വന്തമാക്കണം.

തുടര്‍ന്ന് പത്ത് വര്‍ഷം വരെ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് പഴയ നോട്ടുകള്‍ മാറ്റാം. ജൂലൈ ഒന്ന് വരെ ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്റെ ബ്രാഞ്ചുകള്‍ വഴിയും എടിഎം വഴിയും പഴയ നോട്ടുകള്‍ മാറിയെടുക്കാം. ദേശീയ കറന്‍സി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഊന്നിപ്പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18 നാണ് ഇരുന്നൂറടക്കം ഖത്തരി റിയാലിന്റെ അഞ്ചാം പതിപ്പ് നോട്ടുകള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. നിലവില്‍ നാലാം പതിപ്പും അഞ്ചാം പതിപ്പും രാജ്യത്ത് പ്രചാരത്തിലുണ്ട്.

ജൂലൈ ഒന്നിന് ശേഷം അഞ്ചാം പതിപ്പ് മാത്രമേ പ്രചാരത്തിലുണ്ടാകൂ. പഴയ നോട്ടുകള്‍ അസാധുവാക്കും.