ന്യൂഡൽഹി: കോവിഡ്- 19 പുതിയ വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്നു നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാർക്ക് മോളിക്യുലാർ ടെസ്ററ് നിർബന്ധമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്കയിലെ കോവിഡ് വകഭേദം ബാധിച്ച നാലുകേസുകൾ കഴിഞ്ഞമാസം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ബ്രസീൽ വകഭേദത്തിന്റെ ഒരു കേസ് ഈ മാസവും കണ്ടെത്തി. യുകെയിൽനിന്നുളള 187 കേസുകളാണ് ഇതിനകം ഇന്ത്യയിൽ തിരിച്ചറിഞ്ഞത്. യുഎസിനു പിന്നാലെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
യുകെ വകഭേദത്തെ അപേക്ഷിച്ച് ശ്വാസകോശത്തിലേക്ക് വളരെ വേഗം പ്രവേശിക്കാൻ സാധ്യതയുള്ള വൈറസാണ് ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയതെന്ന് ആരോഗ്യ- കുടംബക്ഷേമ മന്ത്രാലയം.
അടുത്തയാഴ്ച മുതൽ ഈ മൂന്നു രാജ്യങ്ങളിൽനിന്നുമുളള യാത്രക്കാരെ പ്രത്യേകമായി മാത്രമേ എത്തിക്കാവൂ എന്ന് സർക്കാർ വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. ദക്ഷിണാഫ്രിക്കയിൽനിന്നും ബ്രസീലിൽനിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ല. പശ്ചിമേഷ്യൻ രാജ്യങ്ങൾ വഴിയാണ് മിക്കവാറും യാത്രക്കാർ ഇന്ത്യയിലേക്ക് എത്തുന്നത്.
കുടുംബത്തിലുണ്ടാകുന്ന മരണം പോലുള്ള അത്യപൂർവ സാഹചര്യങ്ങളില്ലല്ലാതെ യാത്ര ചെയ്യുന്ന എല്ലാവർക്കും പതിവുപോലെ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലവും നിർബന്ധമാണ്. ഇന്ത്യയിലേക്കുള്ള വിമാനയാത്രയ്ക്കു മുൻപ് ഇത് ബന്ധപ്പെട്ട വിമാനത്താവളങ്ങളിൽ കാണിക്കേണ്ടതാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,881 കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 101 മരണങ്ങളുമുണ്ടായി.