ദുബായ്: വയോധികർക്ക് വീട്ടിലെത്തി വാക്സിൻ നൽകാൻ പദ്ധതിയുമായി ദുബായ് ആരോഗ്യമന്ത്രാലയം. സാമൂഹികക്ഷേമ വകുപ്പിനും പ്രാദേശിക സാമൂഹികസേവന വിഭാഗങ്ങൾക്കുമൊപ്പം ചേർന്നാണ് മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. വയോധികരുടെ ആരോഗ്യസംരക്ഷണത്തിനു മുൻഗണന നൽകുന്നതിന്റെ ഭാഗമായാണിത്. കൂടാതെ പ്രായമായവർക്ക് വാക്സിൻ കേന്ദ്രങ്ങളിലെത്താനുള്ള ബുദ്ധിമുട്ടും പരിഗണിക്കുന്നു.
വയോധികർക്ക് വാക്സിൻ ലഭിക്കുന്നതിന് അതത് മെഡിക്കൽ ജില്ലകളിലെ ആരോഗ്യകേന്ദ്രങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. 800 11111 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്താൽ ഏറ്റവും അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽതന്നെ പ്രതിരോധ വാക്സിൻ ലഭിക്കുന്നതാണ്. സൗകര്യപ്രകാരമുള്ള സമയവും അനുവദിച്ചു കിട്ടുന്നതാണ്. ടോൾഫ്രീനമ്പറിൽ കൃത്യമായ വിവരങ്ങൾ നൽകിയാൽ തൊട്ടു പിന്നാലെ അപ്പോയ്ന്റ്മെന്റ് സ്ഥിരീകരിച്ചുള്ള സന്ദേശം ലഭിക്കും.
അവശവിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുകയെന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായാണ് പ്രതിരോധ മരുന്ന് വീട്ടിലെത്തിച്ചു നൽകുന്നതെന്ന് ഹെൽത്ത് ക്ലിനിക്ക് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൾ റഹ്മാൻ അൽ റാൻഡ് പറഞ്ഞു. മിക്കവാറും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും മന്ത്രാലയം വാക്സിൻ ലഭിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം. മുതിർന്നവർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും പ്രത്യേക പരിഗണന നൽകുന്നതിന് മന്ത്രാലയം പ്രത്ജ്ഞാബദ്ധമാണെന്നും അദ്ദേഹം.