ഒമാനില്‍ പ്രവാസികള്‍ക്ക് പിഴയടയ്ക്കാതെ രാജ്യം വിടാം

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികള്‍ക്ക് പിഴയടയ്ക്കാതെ രാജ്യം വിടാന്‍ അവസരം. വിസ റദ്ദാക്കി തിരിച്ചുപോകുന്ന പ്രവാസി തൊഴിലാളികളുടെ പിഴയാണ് ഒഴിവാക്കുക. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നു മാസക്കാലം ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ആവശ്യമില്ലാത്ത വിദേശ തൊഴിലാളികളെ കരാര്‍ അവസാനിപ്പിച്ച് പിരിച്ചുവിടാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍ ഇങ്ങനെ തൊഴില്‍ കരാര്‍ റദ്ദാക്കുന്ന പക്ഷം തൊഴിലാളികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണം. എത്ര കാലത്തെ പിഴയുണ്ടെങ്കിലും അത് ഒഴിവാക്കി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്കും തിരിച്ചു പോകാനാകും.

എന്നാല്‍ പാസ്പോര്‍ട്ട് കൈവശമില്ലാത്ത വിദേശ തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനം വ്യക്തമാക്കിയിട്ടില്ല. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരുടെ പിഴ സംബന്ധിച്ചും വ്യക്ത നല്‍കിയിട്ടില്ല. സ്വദേശി കമ്പനികളിലെ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് ഫീസ് 301 റിയാലില്‍ നിന്ന് 201 റിയാലായി കുറച്ച നടപടിയും ഡിസംബര്‍ 31 വരെ തുടരും. പാര്‍ട്ട്-ടൈം ജീവനക്കാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും. ഒരേ ഉടമസ്ഥന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ ആവശ്യാനുസരണം വിവിധയിടങ്ങളില്‍ ജോലിക്കു നിയോഗിക്കാം. അതുപോലെ, ആവശ്യമെങ്കില്‍ മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ജോലിക്കായി നിയോഗിക്കാനും മന്ത്രാലയം അനുമതി നല്‍കി.