മഞ്ഞ്: യുഎഇയിൽ ഇന്നും ഗതാഗത മുന്നറിയിപ്പ്

ദുബായ്: കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഇന്നും യുഎഇയിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പ്. അബുദാബി, ദുബായ്, ഷാർ‌ജ, അജ്മാൻ, ഉംഅൽ കുവൈൻ എന്നിവിടങ്ങൾ ഇന്നും മഞ്ഞിൽ മൂടിക്കിടക്കുകയാണ്. രാവിലെ 11.30 വരെ ജാഗ്രതപാലിക്കാൻ ഡ്രൈവർമാരോട് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നിർദേശിച്ചു. വാഹനങ്ങൾ നിശ്ചിത അകലം പാലിച്ചും വേഗം കുറച്ചും ഓടിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

മിക്കവാറും തീരദേശങ്ങളിലും ചില ഉൾപ്രദേശങ്ങളിലും റോഡിൽ കാഴ്ചക്കുറവുണ്ടാകും. ആകാശം ഇന്ന് മേഘാവൃതമായിരിക്കും. പകൽ മിതമായ താപനിലയും രാത്രിയിൽ തണുത്ത കാലാവസ്ഥയുമായിരിക്കും. ഉൾപ്രദേശങ്ങളിലും പർവത മേഖലകളിലും ഇതായിരിക്കും അവസ്ഥയെന്ന് ദേശീയ കാലാവസ്ഥാകേന്ദ്രം.

രാജ്യത്ത് പൊതുവെ ഉയർന്ന കാലാവസ്ഥ 25ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കുറഞ്ഞ താപനില 10- 14 ഡിഗ്രി സെൽഷ്യസ്. തീരദേശങ്ങളിൽ 24- 27 ഡിഗ്രി സെൽഷ്യസും പർവത മേഖലകളിൽ 16- 21 ഡിഗ്രി സെൽഷ്യസുമായിരിക്കും കൂടിയ താപനില. മണിക്കൂറിൽ‌ 30 കിലോമീറ്റർ വരെ വേഗത്തിൽ പൊടിക്കാറ്റിനും സാധ്യത.

ഇന്നു രാത്രിയും ഞായറാഴ്ചയും അപേക്ഷിക ക്ലിന്നത് കൂടാൻ സാധ്യത. ഉൾപ്രദേശങ്ങളിൽ ക്ലിന്നത ( ഹ്യുമിഡിറ്റി0 75- 95 ശതമാനം വരെയായിരിക്കും. പർവത പ്രദേശങ്ങളിൽ ഇത് 45- 65 ശതമാനമായിരിക്കും.