ദുബായ്: നഗരത്തിലെ തിരിക്കിൽ പതുക്കെ നടന്നുപോകുന്ന റോബോട്ടിനെ കണ്ടാൽ സംശയിക്കേണ്ട, ആശ്ചര്യപ്പെടുകയും വേണ്ട, പുതിയ കാലത്തെ ഡെലിവറി ബോയ് ആയിരിക്കും അത്! ദുബായിലെ റോഡുകളിലൂടെയും സൈക്കിൾ ട്രാക്കിലൂടെയും ഭക്ഷണവും പലചരക്കുമായി റോബോട്ട് ഡെലിവറി ബോയ് എത്താൻ അധികം വൈകില്ല. യുകെ ആസ്ഥാനമായ ലോജിസ്റ്റിക് കമ്പനി ഡെലിവേഴ്സ് എഐയുടെ കണക്കു പ്രകാരം ഏതാനും മാസങ്ങൾക്കുള്ളിൽ ഇവർ രംഗത്തിറങ്ങിയേക്കും.
ഇസ്താംബൂളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇതുവരെ 500 ഡെലിവറികൾ റോബോട്ടുകൾ വിജയകരമായി നടത്തി. 15 കിലോഗ്രാം ഭാരം വരെ വഹിച്ചുകൊണ്ട് ഭക്ഷ്യവസ്തുക്കളും പലചരക്ക്, പച്ചക്കറി തുടങ്ങിയവയും എത്തിച്ചുതരാൻ ഇവർക്കാവും. മണിക്കൂറിൽ 7-8 കിലോമീറ്റർ വേഗത്തിലാണ് റോബോട്ട് “ഡെലിവറി ബോയുടെ’ വേഗമെന്നതിനാൽ ഇവർക്ക് നടപ്പാതകളും സൈക്കിൾ പാതകളും ഉപോയഗിക്കാം.
സൂക്ഷമമായ സെൻസറുകൾ ഉപയോഗിക്കുന്നതിനാൽ എതിരേയുളള എല്ലാ വസ്തുക്കളും മനസിലാക്കി മുന്നോട്ടു പോകാൻ ഇവർക്കാകും. റോബോട്ടുകളെ നിശ്ചിത കേന്ദ്രത്തിലിരുന്ന് നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാകും. സാധനങ്ങൾ ഏറ്റവും സുരക്ഷിതമായി ആളുകളുടെ കൈയിലെത്തിക്കാനും ഇതുകൊണ്ടാകും. ആറുലക്ഷം രൂപയാണ് റോബോട്ടുകൾക്ക് ഇപ്പോൾ കണക്കാക്കുന്നത്.
ഒക്റ്റോബറിൽ ദുബായിൽ പരീക്ഷണ വിതരണം നടത്തും. ദുബായ് ഇന്റർനെറ്റ് സിറ്റി, ഡൗൺടൗൺ, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ദുബായ് മാൾ എന്നിവിടങ്ങളിലായിരിക്കും ആദ്യ പരീക്ഷണം.