ചൊവ്വാ ദൗത്യം: വാനോളമുയർന്ന് വനിതകൾ

ദുബായ്: ചരിത്രത്തിലേക്ക് ചുവടുവച്ച് ചൊവ്വാ ഭ്രമണപഥത്തിലേക്ക് കടന്നതിന്‍റെ ആവേശം അറബ് ലോകത്ത് അലയടിക്കുമ്പോൾ മറ്റൊരു തിളക്കമാർന്ന നേട്ടം കൂടി ഇതിനൊപ്പമുണ്ട്. ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രസംഘത്തിൽ 80 ശതമാനവും വനിതകൾ. ശാസ്ത്രേതര ജീവനക്കാരുൾപ്പെടെ പങ്കെടുത്ത മുഴുവൻ പേരെയും പരിഗണിച്ചിൽ 34 ശതമാനം പേർ വനിതകൾ. സംഘത്തെ നയിച്ചതാകട്ടെ രാജ്യത്തിന്‍റെ നൂതന സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി സാറ ബിൻത് യൂസഫ് അൽ അമിരിയും. ഇത്രയേറെ വനിതാ പങ്കാളിത്തമുള്ള ശാസ്ത്ര ദൗത്യങ്ങൾതന്നെ ഇതിനു മുൻപുണ്ടായിട്ടില്ല.

ലോക ശ്രദ്ധയാകർഷിച്ച യുഎഇയുടെ ചൊവ്വ ദൗത്യത്തിനു ചുക്കാൻ പിടിച്ച അമിരിയുടെ പ്രയമാകട്ടെ 34 വയസ്. 2009ൽ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍ററിൽ ജോലിക്കു ചേർന്ന സാറ, മാർസ് മിഷൻ ആരംഭിക്കുമ്പോൾ അതിന്‍റെ ഡെപ്യൂട്ടി പ്രോജകറ്റ് മാനെജരായിരുന്നു. 2017ൽ മന്ത്രിസഭാംഗമായി. ദൗത്യത്തിന്‍റെ നേതൃസ്ഥാനത്തെ പ്രകടനം കഴിഞ്ഞവർഷം ഓഗസ്റ്റിൽ സാറയെ യുഎഇ സ്പേസ് ഏജൻസിയുടെ ചെയർവുമൺ സ്ഥാനത്തെത്തിച്ചു. ഇതിനെല്ലാം പുറമേ യുഎഇ കൗൺസിൽ ഓഫ് സയന്‍റിസ്റ്റ്സ് ചെയർവുമൺ കൂടിയാണ് അവർ.

സാറയുടെ ദൗത്യസംഘത്തിലെ അംഗങ്ങളുടെ ശരാശരി പ്രായം 27 വയസാണ്. പ്രായത്തിന്‍റെ ആനുകൂല്യവും ഊർജവും ദൗത്യവിജയത്തിലേക്കു ലയിപ്പിക്കാനായ സാറയുടെ പ്രവർത്തനമികവിനെ രാജ്യം ഏറെ ആദരവോടെ നോക്കിക്കാണുന്നു.

യുഎഇയിലെ ബിരുദധാരികളുടെ കണക്കു നോക്കിയാൽ 70 ശതമാനം വനിതകളാണ്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് വിഷയങ്ങൾ മാത്രമെടുത്താൽ 56 ശതമാനവും വനിതകൾ. ഉന്നതവിദ്യാഭ്യാസത്തിലും ശാസ്ത്രവിഷയങ്ങളിലും സ്ത്രീകൾ പൊതുവെ കൂടുതൽ ആഭിമുഖ്യം കാണിക്കുന്നതിനാൽ ഇവർക്കു മുന്നിൽ അവസരങ്ങളുടെ വാതിലുകൾ തുറന്നിടാൻ രാജ്യവും തയാറാകുന്നു.

സർക്കാർ‌ ഉദ്യോഗത്തിൽ മൂന്നിൽ രണ്ടും മന്ത്രിസഭയിൽ നാലിലൊന്നും സ്ത്രീ പങ്കാളിത്തമുണ്ട്. ദീർഘകാല പ്രസവാവധി ഉൾപ്പെടെ നൽകി സർക്കാരും ഇവർക്ക് പൂർണ പിന്തുണ നൽകുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനം ഉറപ്പുവരുത്തുന്ന നിയമമാണു രാജ്യം പുതുതായി ഇവർക്ക് കാത്തുവച്ചിരിക്കുന്നത്.